കൊച്ചി: മല്‍സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷകരായി ഇനി അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രത്യാശ , കാരുണ്യ ‘ എന്നിവയും.അതിവേഗത്തില്‍ അടിയന്തര രക്ഷ പ്രവര്‍ത്തനം നടത്താന്‍ സഹായകമാവുന്ന മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ആദ്യ അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രതീക്ഷ’യുടെ പ്രവര്‍ത്തന ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍വഹിച്ചിരുന്നു. കേരള തീരത്തെ മൂന്ന് മേഖലകള്‍ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തനം.
അപകടത്തില്‍പെടുന്നവര്‍ക്ക് ദുരന്ത മുഖത്ത് വെച്ചു തന്നെ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം അതിവേഗം കരയിലെത്തിക്കാന്‍ ഈ ആംബുലന്‍സുകള്‍ സഹായിക്കും. 23 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും 3 മീറ്റര്‍ ആഴവുമുള്ള ഈ ആംബുലന്‍സുകളില്‍ 10 പേരെ വരെ ഒരേ സമയം കിടത്തി ചികില്‍സിക്കാന്‍ സാധിക്കും. 700 എച് പി വീതമുള്ള 2 സ്‌കാനിയ എന്‍ജിനുകള്‍ ഘടിപ്പിച്ചിട്ടുള്ള ആംബുലന്‍സുകള്‍ക്ക് പരമാവധി 14 നോട്ട് സ്പീഡ് ലഭ്യമാകും . പ്രാഥമിക ചികിത്സക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, 24 മണിക്കൂര്‍ പാരാ മെഡിക്കല്‍ സ്റ്റാഫിന്റെ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്‌ക്യൂ സ്റ്റാഫിന്റെ സേവനം, മോര്‍ച്ചറി എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ആണ് സാങ്കേതിക ജീവനക്കാരുടെ സേവനം നല്‍കുന്നത്.
2018 മെയ് 31 നാണ് മറൈന്‍ ആംബുലന്‍സുകളുടെ നിര്‍മാണത്തിനായി കൊച്ചിന്‍ ഷിപ് യാര്‍ഡുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത്. ഒരു ബോട്ടിന് 6.08 കോടി വീതം 18.24 കോടിയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഓഖി പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഒരു ബോട്ടിന്റെ പൂര്‍ണമായ നിര്‍മാണ ചെലവ് ബി. പി. സി. എലും ഒരു ബോട്ടിന്റെ പകുതി നിര്‍മാണ ചെലവ് കൊച്ചിന്‍ ഷിപ് യാര്‍ഡും അവരുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു. ബോട്ട് നിര്‍മാണത്തിന് സാങ്കേതിക ഉപദേശം നല്‍കിയത് കൊച്ചി ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന സിഐഎഫ്.ടി ആണ്.
കടല്‍ സമ്പത്തിന്റെ ശോഷണം തീരത്തിന് പ്രതിസന്ധി ഉയരുന്ന സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മല്‍സ്യബന്ധനത്തില്‍ പരിശീലനം നല്‍കുന്നത് വഴി ആഴക്കടല്‍ മല്‍സ്യസമ്പത്തു ഉപയോഗിക്കാന്‍ സാധിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.ആഴക്കടല്‍ മല്‍സ്യബന്ധനം തൊഴിലാളികളെ പരിശീലിപ്പിച്ചു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ 10 മല്‍സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മല്‍സ്യബന്ധന യാനങ്ങള്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ നിര്‍മ്മാണക്കരാര്‍ ഫെബ്രുവരിയില്‍ ഒപ്പിടും.കൊല്ലം,ആലപ്പുഴ,എറണാകുളം ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് സാങ്കേതിക വിദ്യയിലുള്ള പരിശീന പരിപാടിയും മന്ത്രി ഉത്ഘാടനം ചെയ്തു.