Headlines

വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം; ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുൽഗാന്ധി

വോട്ടർ പട്ടിക ക്രമക്കേട് വിവരങ്ങൾ പങ്കുവെക്കാൻ വെബ്സൈറ്റ് തുറന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്കും വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

വോട്ടു കൊള്ളയുടെ അനുഭവങ്ങൾ ജനങ്ങൾക്ക് വെബ് സൈറ്റിലൂടെ പങ്കുവെക്കാനാകും. ഇതിനായി പേരും മൊബൈൽ നമ്പരും തെളിവുകളും നൽകണം. രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പുറത്തുവിട്ട തെളിവുകളും വിഡിയോ സന്ദേശവും വെബ് സൈറ്റിലുണ്ട്. കോൺഗ്രസ് ക്യാംപയിനിൽ രജിസ്റ്റർ ചെയ്യാനുള്ള മൊബൈൽ നമ്പരും rahulgandhi.in/awaazbharatki/votechori എന്ന വിലാസത്തിൽ നൽകിയിട്ടുണ്ട്.

അതേസമയം, കർണാടകയിലെ ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപിക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഒത്തുകളിച്ചെന്ന് ആരോപിച്ച രാഹുൽ തെളിവുകൾ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ഏറ്റവും കൂടുതൽ വോട്ട് ക്രമക്കേട് നടന്നത് സെൻട്രൽ ബംഗളൂരിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലാണെന്നും രാഹുൽ ഗാന്ധി തെളിവുകൾ സഹിതം വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കർണാടകം സർക്കാരിന്റെ നടപടി. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 160 സീറ്റുകൾ വാഗ്ദാനം ചെയ്ത് രണ്ട് പേർ സമീപിച്ചെന്ന ആരോപണവുമായി NCP നേതാവ് ശരദ് പവാർ രംഗത്തെത്തിയിരുന്നു. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യാജ മേൽവിലാസം ചമച്ച് മുപ്പതിനായിരത്തിൽ അധികം വോട്ടുകൾ ചേർത്തെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും ആരോപിച്ചു.