മലയാളി കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഛത്തീസ്ഗഢിൽ വീണ്ടും ബജ്റംഗ്ദള്‍ ആക്രമണം. റായ്പൂരിലെ കുക്കൂർബെഡാ എന്ന സ്ഥലത്ത് നടന്ന ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ്ദള്‍ പ്രവർത്തകർ ബഹളം വെക്കുകയായിരുന്നു. പ്രാർഥനയ്‌ക്കെത്തിയവരെ മര്‍ദിച്ചതായി പാസ്റ്റര്‍ പറഞ്ഞു.
ഛത്തീസ്ഗഢിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്നാണ് പാസ്റ്റർമാർ പറയുന്നത്. ഒരു വിശ്വാസിയുടെ വീട്ടിൽ ഞായറാഴ്ച നടക്കുന്ന പ്രാർഥനയ്ക്കിടെയാണ് ബജ്റംഗ്ദള്‍ പ്രവർത്തകരും ചില ഹൈന്ദവ സംഘടനകളുടെ പ്രവർത്തകരും സ്ഥലത്തേക്ക് കൂട്ടമായി എത്തുന്നത്. പ്രാർഥനാ യോഗത്തിന്റെ രൂപത്തിൽ മതപരിവർത്തനം നടത്തുന്നു എന്നായിരുന്നു പ്രവർത്തകരുടെ ആരോപണം. പിന്നീട് ഇവർ ജയ്‌ശ്രീറാം വിളിക്കുകയും ഹനുമാൻ ചാലിസാ മന്ത്രം മുഴക്കുകയും ചെയ്തിരുന്നു. ഏറെ നേരം ഈ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പാസ്റ്റർക്കും സംഘർഷത്തിൽ മർദ്ദനമേറ്റു. പിന്നീട് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും അവർക്ക് മുന്നിൽ വെച്ചും ബജ്റംഗ്ദള്‍ പ്രവർത്തകർ ബഹളം ഉണ്ടാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സേനയെ പൊലീസ് ഈ സ്ഥലത്ത് വിന്യസിപ്പിക്കുകയായിരുന്നു.
അതേസമയം, ഇത്തരം സംഭവങ്ങൾ ഛത്തീസ്ഗഢിൽ ആവർത്തിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ക്രൈസ്തവർക്കെതിരെ ഇത്തരം നടപടികൾ ഉണ്ടാകാറുണ്ടെന്നാണ് പാസ്റ്റർമാർ പറയുന്നത്. പ്രാർഥന നടത്തുന്ന വീടുകളിലും പള്ളികളിലും ബജ്റംഗ്ദള്‍ പ്രവർത്തകർ ആക്രമണം ഉണ്ടാകാറുണ്ട്. എന്നാൽ ഇവർക്കെതിരെ കേസെടുക്കുന്നതിന് പകരം പാസ്റ്റർമാർക്കെതിരെയാണ് പൊലീസ് മതപരിവർത്തനം ആരോപിച്ച് കേസെടുക്കുന്നത്.