മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയത സംഭവത്തെ ന്യായീകരിച്ച് ബജറംഗ്‍ദൾ പ്രവർത്തകർ. കന്യാസ്ത്രീകൾ നുണ പറഞ്ഞതുകൊണ്ടാണ് പോലീസിൽ ഏല്പിച്ചതെന്ന് ദുർഗിലെ ബജറംഗ്‍ദൾ പ്രവർത്തകർ പറയുന്നു. മതപരിവർത്തനം തടയാൻ ഏതറ്റം വരെയും പോകുമെന്നും ബജറംഗ്‍ദൾ പ്രവർത്തകർ പറഞ്ഞു. കന്യാസ്ത്രീകളെ പൊലിസ് സാന്നിധ്യത്തിൽ വിചാരണ ചെയ്ത ബജറംഗ്‍ദൾ പ്രവർത്തകരുടേതാണ് പ്രതികരണം.
മലയാളി കന്യാസ്ത്രീകളെ പൊലീസ് സാന്നിധ്യത്തിൽ ബജറംഗ്‍ദൾ പ്രവർത്തകർ വിചാരണ ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ അനുകൂലിച്ചത് ജ്യോതി ശർമ എന്ന ബജറംഗ്‍ദൾ മഹിളാ വിങ്ങ് നേതാവായിരുന്നു. താൻ മതപരിവർത്തനം ചെയ്തവരെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ജ്യോതി ശർമ്മ പറഞ്ഞു. മുൻപും ഇങ്ങനെ പലതവണ മതപരിവർത്തനം താൻ തടഞ്ഞിട്ടുണ്ടെന്ന് ജ്യോതി ശർമ്മ അവകാശപ്പെട്ടു.
അതേസമയം മലയാളി കന്യാസ്ത്രീകളെ തടവിലാക്കിയതിൽ പ്രതിഷേധം ശക്തമാവുകയാണ്. വിഷയം ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാർ. മലയാളി കന്യാസ്ത്രികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകളാണ് സിസ്റ്റർ പ്രീതി മേരി , സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കെതിരെ ചുമത്തിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള രണ്ട് കന്യസ്ത്രീകളും ദുർഗ് സെൻട്രൽ ജയിലിലാണ്. ഇവരെ കൂടാതെ പെൺകുട്ടികൾക്ക് ഒപ്പം വന്ന സഹോദരനെയും പോലീസ് മൂന്നാം പ്രതിയായി ചേർത്തിട്ടുണ്ട്.