മനുഷ്യക്കടത്ത് ആരോപണം; മലയാളി കന്യാസ്ത്രീകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരിയും ആണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്. ഇവർക്കെതിരെ സെക്ഷൻ 143 ബിഎൻഎസ് (മനുഷ്യക്കടത്ത്) പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ഈ വിഷയത്തിൽ കത്തോലിക്ക ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്. കന്യാസ്ത്രീകൾക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്നും നീതി ലഭ്യമാക്കണമെന്നുമാണ് സിബിസിഐയുടെ ആവശ്യം. നാളെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും സിബിസിഐ അറിയിച്ചിട്ടുണ്ട്.
ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കന്യാസ്ത്രീകളെ ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവച്ചത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൊണ്ടുപോകാനെത്തിയതായിരുന്നു കന്യാസ്ത്രീകൾ. പ്ലാറ്റ്‌ഫോം ടിക്കറ്റില്ലാതിരുന്നതിനെ തുടർന്ന് ടി.ടി.ഇ. വിവരങ്ങൾ തിരക്കുകയും തുടർന്ന് പ്രാദേശിക ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് കൈമാറുകയുമായിരുന്നു. പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് കൊണ്ടുപോവുകയാണെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.

പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ആശുപത്രി ജോലിക്കാണ് പോകുന്നതെന്നും വ്യക്തമാക്കിയെങ്കിലും ബജ്‌റംഗ്ദൾ പ്രവർത്തകരുടെ സമ്മർദ്ദത്തിന് വഴങ്ങി പൊലീസ് കന്യാസ്ത്രീകളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതപത്രങ്ങളും തിരിച്ചറിയൽ രേഖകളും ഹാജരാക്കിയിട്ടും കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് പെൺകുട്ടികളെ വനിതാ ക്ഷേമ സംരക്ഷണ സമിതിയുടെ സംരക്ഷണയിലാക്കിയിട്ടുണ്ട്.