‘വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞു’; വെളിപ്പെടുത്തലുമായി സുരേഷ് കുറുപ്പ്

പിരപ്പൻകോട് മുരളിക്ക് പിന്നാലെ ക്യാപിറ്റൽ പണിഷ്മെന്റിൽ വെളിപ്പെടുത്തലുമായി സിപിഐഎം നേതാവ് കെ സുരേഷ് കുറുപ്പ്. ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ, വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞെന്നാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ. ഇതിനുശേഷമാണ് വി എസ് സമ്മേളനത്തിൽ നിന്നും മടങ്ങിയതെന്നും മാതൃഭൂമി വാരന്തപ്പതിപ്പിലെഴുതിയ ലേഖനത്തിൽ കെ സുരേഷ് കുറുപ്പ് തുറന്നുപറഞ്ഞു.

ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശത്തിന് പിന്നാലെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്ന് സുരേഷ് കുറുപ്പ് ലേഖനത്തിൽ പറയുന്നു. ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തനായ നേതാവായിരുന്നു സുരേഷ് കുറുപ്പ്. വിഎസ് അച്യുതാനന്ദന്റെ മരണശേഷം പാർട്ടിയെ പ്രതിരോധത്തിലാക്കി ഉയർന്ന ആക്ഷേപങ്ങളിൽ ഒന്നായിരുന്നു വിഎസിന് ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം.

‘ഒറ്റപ്പെട്ടപ്പോഴും അദേഹം പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതായിരുന്നു വിഎസ് നയം. അദേഹത്തിന്റെ കൊച്ചുമക്കളുടെ പ്രായം മാത്രുള്ള കുട്ടികൾ സമ്മേളനങ്ങളിൽ അദേഹത്തിനെതിരെ നിലവിട്ട അധിക്ഷേപം ഉന്നയിച്ചു’ എന്നിങ്ങനെയാണ് ലേഖനം തുടങ്ങുന്നത്. ഇങ്ങനെയൊക്കയായിരുന്നു എന്റെ വിഎസ് എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ.

എന്നാൽ ആരാണ് ക്യാപിറ്റൽ പണിഷ്‌മെന്റ് വേണമെന്ന് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. പിരപ്പൻകോട് മുരളി എം സ്വരാജിന് നേരെയുള്ള വിമർശനമാണ് ഉന്നയിച്ചതെങ്കിൽ കെ സുരേഷ് കുറുപ്പ് പേര് പറയാതെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. യുവ വനിത നേതാവ് എന്ന രീതിയിലാണ് വെളിപ്പെടുത്തൽ. പിരപ്പൻകോട് മുരളിയുടെ വെളിപ്പെടുത്തൽ സിപിഐഎം സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ.