Headlines

തിരുവനന്തപുരം DCC പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടർന്നാണിത്. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. അതുവരെ ജില്ലയിൽ കോൺഗ്രസിനെ നയിക്കാൻ താൽക്കാലിക അധ്യക്ഷനെ തിരഞ്ഞെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലോട് രവിയുടെ ഫോൺ സംഭാഷണം കോൺഗ്രസിന് ആകെ തലവേദന സൃഷ്ടിച്ചിരുന്നു.

എൻ ശക്തന് താത്കാലിക ചുമതല നൽകിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വാർത്തക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ജില്ലയിലെ എല്ലാ നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് എൻ ശക്തൻ. നിലവിലെ പ്രശ്നങ്ങളിൽ നിന്ന് പാർട്ടിയെ രക്ഷിച്ചെടുക്കാൻ എൻ ശക്തന് കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എൻ ശക്തന് താൽക്കാലിക ചുമതല നൽകിയത്.അതിനിടെ പാലോട് രവിയിൽ നിന്നും രാജി ചോദിച്ചു വാങ്ങിയതിൽ പാർട്ടിയിൽ രണ്ട് അഭിപ്രായം ഉണ്ട്. തുടക്കത്തിലുള്ള നടപടി സംഘടനയ്ക്ക് ഗുണമാണ് എന്നുള്ളതാണ് ഭൂരിപക്ഷാഭിപ്രായം. എന്നാൽ സദുദ്ദേശത്തോടെയുള്ള ഫോൺ സഭാഷണം തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് പാലോട് രവിയെ അനുകൂലിക്കുന്നവർ പറയുന്നത്. വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനം ഉയർന്നിരുന്നു.