Headlines

പാലോട് രവിയുടെ രാജി; തിരുവനന്തപുരത്ത് താൽകാലിക അധ്യക്ഷനെ നിയമിക്കാൻ കോൺഗ്രസ്

വിവാദ ഫോൺ സംഭാഷണത്തിൽ കുരുങ്ങി പാലോട് രവി രാജിവച്ചതിന് പിന്നാലെ തിരുവനന്തപുരം ജില്ലയിൽ താൽകാലിക അധ്യക്ഷനെ നിയമിക്കാൻ കോൺഗ്രസ് തീരുമാനം. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. അതുവരെ ജില്ലയിൽ കോൺഗ്രസിനെ നയിക്കാൻ താൽക്കാലിക അധ്യക്ഷനെ തിരഞ്ഞെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലോട് രവിയുടെ ഫോൺ സംഭാഷണം കോൺഗ്രസിന് ആകെ തലവേദന സൃഷ്ടിച്ചിരുന്നു.

എം വിൻസെന്റിന്റെ പേരാണ് തിരുവനന്തപുരം ജില്ലയിൽ ഉയർന്നു കേൾക്കുന്നത്. മണക്കാട് സുരേഷ്, ചെമ്പഴന്തി അനിൽ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേതൃത്വം ഉടൻ തന്നെ തീരുമാനം എടുക്കും. അതിനിടെ പാലോട് രവിയിൽ നിന്നും രാജി ചോദിച്ചു വാങ്ങിയതിൽ പാർട്ടിയിൽ രണ്ട് അഭിപ്രായം ഉണ്ട്. തുടക്കത്തിലുള്ള നടപടി സംഘടനയ്ക്ക് ഗുണമാണ് എന്നുള്ളതാണ് ഭൂരിപക്ഷാഭിപ്രായം. എന്നാൽ സദുദ്ദേശത്തോടെയുള്ള ഫോൺ സഭാഷണം തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് പാലോട് രവിയെ അനുകൂലിക്കുന്നവർ പറയുന്നത്.

വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനം ഉയർന്നിരുന്നു. പ്രവർത്തകരുടെ വികാരം കൂടി മാനിച്ചാണ് തുടക്കത്തിലുള്ള തീരുമാനം എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. കോൺഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാമതാകുമെന്നും പലയിടങ്ങളിലും ബിജെപി രണ്ടാമതെത്തുമെന്നുമായിരുന്നു ഫോൺ സംഭാഷണം. ഫോൺ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.