എറണാകുളം വൈറ്റിലയിൽ കോട്ടയം സ്വദേശി സുധാ ബേബിയെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റിഫോറിന്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. രക്തം വാർന്നതും പെട്ടെന്നുള്ള മരണത്തിന് ഇടയാക്കിയിട്ടുണ്ട്. ശരീരത്തിൽ മുറിപ്പാടുകളും, മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതി പൊന്നൂരുന്നി സ്വദേശി ഷാജിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. കുറച്ചധിക്കാം കാലമായി സുധയും ഷാജിയും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. 63 വയസുകാരനായ ഷാജി ഹൈക്കോടതി മുൻ ജീവനക്കാരനാണ്.
ഇന്ന് പുലർച്ചെ 3:00 മണിക്ക് ലോക്കോ പൈലറ്റ് ആണ് റെയിൽവേ ട്രാക്കിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടത്. ഉടൻ പൊലീസ് എത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈൽ ഫോൺ കണ്ടെത്തി.
പ്രതിക്കൊപ്പം യുവതി നടന്നു പോകുന്ന ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ഇരുവരും കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ട്രാക്കിന് സമീപം പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും പൊലീസ് കിട്ടി. ഈ സമയം ഷാജിയുടെ ഷർട്ടിൽ രക്തക്കറ ഉണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കാക്കനാട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മരട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.







