കണ്ണൂർ ∙ കേരളത്തിനു പുറത്തും മറ്റു ജില്ലകളിലും ജോലി ചെയ്യുന്ന കണ്ണൂരുകാർക്കും ഇവിടെ ജോലി ചെയ്യുന്ന മറ്റു ജില്ലക്കാർക്കും ഓണത്തിനു നാട് പിടിക്കണമെങ്കിൽ ഇക്കുറി പെടാപ്പാട് പെടണം. ഓണം ആഘോഷിച്ചു മടങ്ങുന്ന കാര്യത്തിലും ഇതുതന്നെ സ്ഥിതി. ട്രെയിൻ, ബസ്, വിമാനം എല്ലാറ്റിലും ടിക്കറ്റിന്റെ കാര്യം സ്വാഹ. റെയിൽവേ ഉത്തര മലബാറിനോട് തുടരുന്ന അവഗണനയും കൂടി ചേരുന്നതോടെ വീടുപിടിക്കുന്ന കാര്യം കട്ടപ്പുക തന്നെ. വിമാന ടിക്കറ്റിന്റെ കാര്യത്തിലാണെങ്കിൽ ഡൽഹിയിൽ നിന്നു കണ്ണൂരിലേക്കുള്ള വിമാനയാത്രയ്ക്ക് 15,000ത്തിനു മുകളിലാണു നിരക്ക്. മുംബൈയിൽ നിന്ന് ഒരു ട്രെയിനിനും കൺഫേം ടിക്കറ്റില്ല. വിമാനം പിടിക്കാമെന്നു വച്ചാൽ കൊച്ചിയിലേക്ക് 9,000 രൂപയ്ക്കു മുകളിലാണു നിരക്ക്. മുംബൈയിൽ നിന്നു കേരളത്തിലേക്ക് ഇക്കുറി സ്പെഷൽ ട്രെയിനുമില്ല.ബെംഗളൂരുവിൽ നിന്നു വിമാനം പിടിക്കാമെന്നു വച്ചാൽ കൊച്ചിയിലേക്ക് 7500നു മുകളിൽ വരും. ചെന്നൈയിൽ നിന്നു കൊച്ചിക്ക് 11,000 രൂപയാണു വിമാന ടിക്കറ്റ് നിരക്ക്. സ്വകാര്യ ബസ് പിടിക്കാമെന്നു വച്ചാൽ 5,500നു മുകളിൽ വരും. ഇനി കൊച്ചിയിലെങ്ങനെയെങ്കിലും എത്തിയാൽ തന്നെ കണ്ണൂരിലെത്തണമെങ്കിൽ ഒറ്റ ട്രെയിനിലും കൺഫേം ടിക്കറ്റില്ല. ദേശീയപാത നിർമാണം നടക്കുന്നതിനാൽ കെഎസ്ആർടിസി ബസ് യാത്ര ദുരിതമായിരിക്കും. ബസിൽ തിക്കിതിരക്കേണ്ടിയും വരും.ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ നിന്ന് ഉത്തര മലബാറിലേക്കു വരാനുള്ളവരാണു പെട്ടുപോയിരിക്കുന്നത്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക ട്രെയിനുകൾ യാത്രക്കാരുടെ വലിയ തിരക്കു പരിഗണിക്കുമ്പോൾ തികച്ചും അപര്യാപ്തവുമാണ്. സ്ഥിരം ട്രെയിനുകളിലെ സീറ്റുകളെല്ലാം ഇതിനകം പൂർണമായി നിറഞ്ഞുകഴിഞ്ഞു. പല ട്രെയിനുകളിലും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ പോലും ലഭ്യമാകാത്ത കടുത്ത പ്രതിസന്ധിയാണ് നിലവിലുള്ളത്. കണ്ണൂരിലേക്ക് ഏറ്റവുമധികം പേർ ഓണം ആഘോഷിക്കാൻ എത്തുന്നത് ബെംഗളൂരുവിൽ നിന്നാണ്.
ഓണക്കാലത്തെ കൊയ്ത്ത്
ഓണക്കാലമെത്തിയാൽ സ്വകാര്യ ബസുകൾക്കു കൊയ്ത്തുകാലമാണ്. ടിക്കറ്റ് നിരക്കിൽ വിമാന സർവീസുകളോടാണു മത്സരം. ബെംഗളൂരുവിലെ നാലംഗ കുടുംബത്തിന് നാട്ടിൽ വന്നു മടങ്ങണമെങ്കിൽ 40,000 രൂപ ചെലവിടേണ്ട അവസ്ഥയാണ്. സാധാരണ ദിവസങ്ങളിൽ പരമാവധി 2000–2500 രൂപ ചാർജ് ഈടാക്കുന്ന സ്ഥാനത്ത് 5000 മുതൽ 6000 വരെ ഈടാക്കുന്ന സ്ഥിതി പോലുമുണ്ട്. ബെംഗളൂരുവിൽ നിന്നു പ്രതിദിനം ഏകദേശം 400, വാരാന്ത്യങ്ങളിൽ 500 സ്വകാര്യ ബസുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്. ഇവയിലായി 20,000 സീറ്റുകളുണ്ട്. കേരള, കർണാടക ആർടിസികളിലേതിനേക്കാൾ 5 മടങ്ങു സീറ്റുകളാണിത്. കണ്ണൂർ, എറണാകുളം ഭാഗങ്ങളിലേക്കാണു കൂടുതലും സ്വകാര്യ സർവീസുകളുള്ളത്. കണ്ണൂരിലേക്കു മാത്രം ദിവസേന 90 സർവീസുകൾ.
എത്ര വലിയ കൊള്ളനിരക്ക് ഈടാക്കിയാലും യാത്ര ചെയ്യാൻ ആളുണ്ടാകുമെന്ന ധാർഷ്ഠ്യമാണു സ്വകാര്യ ബസുകളെ അമിത ചാർജ് ഈടാക്കാൻ പ്രേരിപ്പിക്കുന്നത്. നികുതി, ഇന്ധനവില വർധന ഉയർത്തിക്കാട്ടിയാണു നിരക്കു വർധനയ്ക്കു സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ന്യായീകരണം നിരത്തുന്നത്. 40 സീറ്റുകളുള്ള സ്വകാര്യ ബസ് 3 മാസം കൂടുമ്പോൾ 1.22 ലക്ഷം രൂപയാണു നികുതി അടയ്ക്കേണ്ടത്. സീറ്റെണ്ണത്തിന് ആനുപാതികമായുള്ള നികുതിയായി വർഷം 5 ലക്ഷം രൂപയോളം ചെലവാകും. ഇൻഷുറൻസിനായി 1.5– 2.5 ലക്ഷം രൂപയും ചെലവിടേണ്ടതുണ്ട്. പ്രതിദിനം ടോൾ പ്ലാസകളിലും നല്ലൊരു തുക ചെലവാകുന്നുണ്ട്. ഇരിട്ടി വഴി കണ്ണൂരിലേക്കുള്ള ബസുകൾക്ക് ആയിരത്തിൽ താഴെ ടോൾ നൽകേണ്ടി വരുന്നു.
വരൂ, ബ്ലാ.. ബ്ലാ.. പറഞ്ഞിരിക്കാം
ഓണത്തിനു ബെംഗളൂരുവിൽ നിന്നു നാട്ടിലെത്താൻ സ്വന്തം വാഹനം ഉപയോഗിക്കുന്നവരും കാർ പൂളിങ് (നിരക്ക് പങ്കിട്ട് സ്വകാര്യ വാഹന യാത്ര) വഴി വരുന്നവരും ഒട്ടേറെയുണ്ട്. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ തുറന്നതോടെ ബെംഗളൂരുവിൽ നിന്നുള്ള യാത്രാസമയം 1–2 മണിക്കൂർ കുറഞ്ഞതു മലബാറിലേക്കു സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് അനുഗ്രഹമായിട്ടുണ്ട്. സ്വന്തം വാഹനമുള്ളവർക്ക് ‘ബ്ലാ ബ്ലാ’ കാർ പൂളിങ് ആപ്പിൽ റജിസ്റ്റർ ചെയ്ത് ഒരേ സ്ഥലത്തേക്കു പോകാനുള്ളവരുടെ വിവരങ്ങൾ തേടാം. പോകേണ്ട സ്ഥലത്തേക്കുള്ള നിരക്ക് ആപ്പിൽ നൽകാം. ബസും ട്രെയിനും കിട്ടാതെ വരുന്ന ഒട്ടേറെ പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ബസിനു കൊടുക്കേണ്ട നിരക്കിനെക്കാൾ കുറവായിരിക്കും കാർ പൂളിങ്ങിനു നൽകേണ്ടി വരിക.
ബസുകളിൽ കൂട്ടയിടി
ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു പ്രതിദിനമുള്ള 85 കേരള, കർണാടക ആർടിസി സർവീസുകളിലായി ഏകദേശം 3,500 സീറ്റുകളാണുള്ളത്. (കേരള ആർടിസി–50 ബസ്, കർണാടക ആർടിസി– 35 ബസ്). എന്നിട്ടും, ടിക്കറ്റ് കിട്ടാത്തവർ ഏറെയാണ്. വലിയ നിരക്കു നൽകി സ്വകാര്യ ബസുകളെ ആശ്രയിക്കുകയാണു പിന്നെയുള്ള വഴി. കോഴിക്കോട്, കണ്ണൂർ, വയനാട് മേഖലകളിലേക്കാണു ബസ് യാത്രക്കാർ കൂടുതൽ. ബെംഗളൂരു കഴിഞ്ഞാൽ കണ്ണൂരുകാർ ഒട്ടേറെയുള്ള മൈസൂരുവിൽ നിന്നു ഇരു ആർടിസികളും പ്രതിദിന സർവീസ് നടത്തുന്നുണ്ട്.
കണ്ണൂരിലേക്ക് രണ്ട് സ്പെഷൽ ട്രെയിൻ
ഓണാവധി യാത്രാത്തിരക്കു കണക്കിലെടുത്തു മൈസൂരുവിൽ നിന്നു കണ്ണൂരിലേക്ക് 2 സ്പെഷൽ ട്രെയിനുകളാണു പ്രഖ്യാപിച്ചിട്ടുള്ളത്. 25, 29 തീയതികളിലുള്ള ട്രെയിനുകളിലെ റിസർവേഷൻ ഏതാണ്ടു പൂർത്തിയായി. ഈ ട്രെയിനുകൾ മടക്കയാത്ര ബെംഗളൂരു കന്റോൺമെന്റ് വരെയേ ഉണ്ടാകൂ. രണ്ടു ട്രെയിനുകൾക്കും മണ്ഡ്യ, കെഎസ്ആർ ബെംഗളൂരു, കന്റോൺമെന്റ്, കെആർ പുരം, ബംഗാരപ്പെട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.









