മുംബൈ∙ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷനർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) ജയിൽ നിറയ്ക്കൽ സമരം മുംബൈയിൽ ആരംഭിച്ചു. ശിവാജി പാർക്കിൽ സമരം നടത്താൻ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ലോറിയിൽ താൽക്കാലിക വേദി നിർമിച്ചാണ് പ്രതിഷേധം. ശിവാജി പാർക്കിന്റെ ആറാം നമ്പർ ഗേറ്റിനു മുന്നിൽ നിർത്തിയിട്ട ലോറിയിൽ ഗ്യാനേഷ് കുമാറിനെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയിട്ടുണ്ട്. ലോറിയിലെ വേദിയിൽനിന്നാവും അഭിജീത് ദിപ്കെ പ്രവർത്തകരെ അഭിസംബോധന ചെയ്യുക. ഡൽഹിയിലെ പ്രക്ഷോഭത്തിനു സമാനമായി വിവിധ സംസ്ഥാനങ്ങളിൽനിന്നു വിദ്യാർഥികൾ ഇവിടേക്കു പ്രതിഷേധിക്കാൻ എത്തിയിട്ടുണ്ട്. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് സിജെപി ലക്ഷ്യമിടുന്നത്.
‘ഗദ്ദാർ ഗ്യാനു മസ്റ്റ് ഗോ’
സിജെപി പ്രതിഷേധത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സിനിമ സംഭാഷണങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തി. ‘ഗദ്ദാർ ഗ്യാനു മസ്റ്റ് ഗോ’ എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. ഇടത് വിദ്യാർഥി സംഘടനയായ എസ്എഫ്ഐ പ്രവർത്തകരും വിവിധ സംഘടനകളിലെ യുവാക്കളും മുംബൈയിൽ സിജെപി സമര സ്ഥലത്തു തടിച്ചുകൂടിയിട്ടുണ്ട്. വൈകുന്നേരം 4 മണിക്കാണ് പ്രകടനം നിശ്ചയിച്ചിരുന്നതെങ്കിലും മണിക്കൂറുകൾക്ക് മുൻപേ സിജെപി പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ആദ്യം മറ്റിടങ്ങളിൽ, അവസാനം ഡൽഹി
ആദ്യമേ ഡൽഹി കേന്ദ്രീകരിച്ച് പ്രതിഷേധിക്കാതെ മുംബൈ, ഗോവ, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ സമരം നടത്തിയശേഷം ഒക്ടോബർ അവസാനത്തോടെ രാജ്യതലസ്ഥാനത്തു പ്രതിഷേധിക്കാനാണ് സിജെപിയുടെ പദ്ധതി. മുംബൈയിൽ വലിയ സുരക്ഷാ സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ടെങ്കിലും പ്രതിഷേധക്കാരെ തടയുന്ന സമീപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ന് രാവിലെ പ്രദേശവാസികൾ സമരക്കാർക്കെതിരെ പ്രതിഷേധിച്ചിരുന്നു. തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നു എന്ന് ആരോപിച്ചായിരുന്നു പ്രദേശവാസികൾ പ്രതിഷേധിച്ചത്.
പിന്തുണയുമായി ഉദ്ധവും രാജും
തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്തിന്റെ താൽപര്യം അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും അതിനെതിരെയുള്ള പ്രതിഷേധത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ വേണമെന്നും കഴിഞ്ഞ ദിവസം അഭിജീത് ദിപ്കെ ആവശ്യപ്പെട്ടിരുന്നു. മുംബൈ പ്രസ്ക്ലബ്ബിലെ വാർത്താസമ്മേളനത്തിലായിരുന്നു ഇത്. ശിവസേന ഉദ്ധവ് വിഭാഗവും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയും സിജെപിയുടെ പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.









