തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലിലെ പൊലീസ് നടപടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നല്കി എസ്എഫ്ഐ. മുന്‍മന്ത്രി വി.ശിവന്‍കുട്ടിക്കൊപ്പമാണ് എസ്എഫ്ഐ സംസ്ഥാന ഭാരവാഹികള്‍ ആഭ്യന്തരമന്ത്രിയെ കാണാന്‍ എത്തിയത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍ കണ്ട് ഇവര്‍ പരാതി കൈമാറി.കന്റോണ്‍മെന്റ് സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവരുടെ രാഷ്ട്രീയചായ്വും മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിലെത്തിയ പൊലീസുകാര്‍ എസ്എഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പരാതിക്കൊപ്പം മന്ത്രിക്കു കൈമാറി. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടി ഉണ്ടായതെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും എസ്എഫ്ഐ പരാതിയില്‍ പറയുന്നു.
ആശുപത്രിയിലെത്തി ആഭ്യന്തരമന്ത്രിയെ കണ്ട് പരാതി നൽകി എസ്എഫ്ഐ; സംഘത്തിൽ വി.ശിവന്‍കുട്ടിയും









