Headlines

‘നടിയെ കൊണ്ടുവന്നിരുത്തി, മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നു’; വിജയ്–തൃഷ സല്യൂട്ടിൽ ആഞ്ഞടിച്ച് മുരശൊലി

ചെന്നൈ ∙ ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ മുൻനിരയിൽ സിനിമ താരം തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയ സംഭവത്തിൽ വിമർശനവുമായി ഡിഎംകെ മുഖപത്രം മുരശൊലി. ഓഗസ്റ്റ് 15 ന് ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ തൃഷ പങ്കെടുക്കുന്നതും മുൻനിരയിൽ വിജയുടെ മാതാപിതാക്കൾക്ക് അടുത്ത് സീറ്റ് ലഭിച്ചതും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനു പുറമേ വിജയ് പരേഡിൽ സല്യൂട്ട് നൽകുമ്പോൾ തൃഷ തിരിച്ച് സല്യൂട്ട് കൈമാറുന്ന വിഡിയോയും വൈറലായിരുന്നു. മുഖ്യമന്ത്രിയുടേയും നടിയുടേയും ഈ പ്രവൃത്തിയേയും മുരശൊലി പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ വിമർശിച്ചിട്ടുണ്ട്.
“ഒരു നടിയെ സ്വാതന്ത്ര്യദിന പരിപാടിയിൽ കൊണ്ടുവന്ന് സല്യൂട്ട് ചെയ്തു. വിജയ്‌യുടെ സ്വന്തം ആരാധകർക്ക് പോലും ഇത് അംഗീകരിക്കാൻ കഴിയില്ല. പൊതുജനങ്ങൾ ഇത് എങ്ങനെ സ്വീകരിക്കും?” എന്നാണ് മുരശൊലി മുഖപ്രസംഗത്തിൽ ചോദിക്കുന്നത്. നടിക്ക് മുൻവരിയിൽ സീറ്റ് ഒരുക്കുകയും സല്യൂട്ട് ചെയ്യുകയും ചെയ്തതിലൂടെ വിജയുടെ മാനം കാറ്റിൽ പറന്നെന്നും മുഖപ്രസംഗത്തിൽ വലിയ അക്ഷരത്തിൽ മുകളിലായി പത്രം നൽകിയിട്ടുണ്ട്.സ്വാതന്ത്ര്യദിനത്തിൽ പരേഡിന്റെ മുൻനിരയിൽ ഒരു നടിയെ യാതൊരു ലജ്ജയോ മടിയോ കൂടാതെ ഇരുത്തിയതും സല്യൂട്ട് കൈമാറിയതും വിജയിക്ക് വോട്ട് ചെയ്തവർക്ക് പോലും സഹിക്കാൻ കഴിയാത്ത പ്രവൃത്തിയാണെന്നും പത്രം മുഖപ്രസംഗത്തിൽ എഴുതിയിട്ടുണ്ട്. ഒട്ടും മര്യാദയില്ലാത്ത പ്രവൃത്തികൾ പരസ്യമായി ചെയ്യുകയും ശേഷം അവയെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ് വിജയ് എന്ന് എഡിറ്റോറിയൽ ആരോപിച്ചു. ടിവികെ സർക്കാരിന്റെ 100 ദിനങ്ങളെ വിമർശിച്ചുകൊണ്ടുള്ള എഡിറ്റോറിയലിലാണ് സ്വാതന്ത്ര്യദിന ചടങ്ങിനെ കുറിച്ച് പരാമർശമുള്ളത്. അതേസമയം ഡിഎംകെ മുഖപ്രസംഗത്തിൽ വിജയും ടിവികെയും ഇതുവരെ പ്രതികരിച്ചിട്ടില്ല.