ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടര്‍പഠനത്തിന് അര്‍ഹതയില്ല. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠന അപേക്ഷകള്‍ കേരള സര്‍വ്വകലാശാല നിരസിച്ചതായി പരാതിയുണ്ട്. നിരവധി വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാണെന്ന ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് ശ്രീനാരായണ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ കത്തയച്ചു.
നിരവധി വിദ്യാര്‍ഥികളാണ് അഡ്മിഷന്‍ നിഷേധിക്കപ്പെട്ടതിന്റെ മാനസിക പ്രയാസം അനുഭവിക്കുന്നത്. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചു എന്ന ഒറ്റ കാരണത്താല്‍ പഠിക്കാനുള്ള അവസരം നിഷേധിക്കുകയാണെന്ന് കൊല്ലം സ്വദേശിനിയായ ദര്‍ശന ട്വന്റിഫോറിനോട് പ്രതികരിച്ചു. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ എംഎ പാസായതാണ് ദര്‍ശന. മലയാളം ബിഎഡ് പ്രവേശനത്തിന് കേരള സര്‍വ്വകലാശാലയില്‍ അപേക്ഷ നല്‍കി. പക്ഷേ അപേക്ഷ നിരസിക്കപ്പെട്ടുവെന്നും ദിവസങ്ങളായി താന്‍ സര്‍വകലാശാലയില്‍ കയറിയിറങ്ങുന്നുവെന്നും ദര്‍ശന പറഞ്ഞു.
ഇത് ഒരാളുടെ സ്ഥിതി അല്ല. ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും കഴിഞ്ഞ നിരവധി വിദ്യാര്‍ത്ഥികളെയാണ് കേരള സര്‍വ്വകലാശാല പുറത്ത് നിര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും കേരള സര്‍വ്വകലാശാല മാത്രം അംഗീകരിക്കാത്ത നിലയാണ്. നിലവില്‍ ഉപരിപഠനത്തിനുള്ള 10 ഓളം അപേക്ഷകളാണ് കേരള സര്‍വ്വകലാശാലയുടെ കനിവ് കാത്ത് കിടക്കുന്നത്. ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ജഗതി രാജ് വിപി, കേരള വിസി മേഹനന്‍ കുന്നുമലിന് കത്ത് അയച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് കേരള സര്‍വ്വകലാശാല തീരുമാനമെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.