Headlines

കേരള സര്‍വകലാശാലയിലെ വിവാദങ്ങള്‍ തുടരുന്നു; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലും രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാറും തമ്മിലുള്ള പോരാട്ടം അനന്തമായി നീളുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വി സി – രജിസ്ട്രാര്‍ പോരാട്ടം കനത്തതോടെ കേരള സര്‍വകലാശാലയില്‍ ഭരണസ്തംഭനം രണ്ടാഴ്ചയായിലേറെക്കാലമായി തുടരുകയാണ്. സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും തകിടം മറിയുന്ന അവസ്ഥയിലെത്തിയിട്ടും ഇരു വിഭാഗവും പോരാട്ടം തുടരുന്നതില്‍ വിദ്യാര്‍ഥികളും ആശങ്കയിലാണ്. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രണ്ട് ഉന്നതന്മാര്‍ തമ്മിലാണ് രാഷ്ട്രീയ താത്പര്യത്തിന്റെ പേരില്‍ പോരാടുന്നത്.

രണ്ട് രജിസ്ട്രാര്‍മാര്‍. ഒരാള്‍ വി സി നിയമിച്ചത്, മറ്റൊരു വി സി സിന്‍ഡിക്കേറ്റിന്റേത്. ഇതില്‍ ഒരാള്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ പരിഗണിക്കേണ്ടതില്ലെന്ന് വിസി ഉത്തരവിടുന്നു. അതേസമയം, വിസി നിയമിച്ച രജിസ്ട്രാര്‍ക്ക് ഫയലുകള്‍ നല്‍കേണ്ടതില്ലെന്ന് മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളും തീരുമാനിച്ചു. ഇതോടെ, 2500ല്‍പരം വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായി. ഭരണസ്തംഭനം തുടരുന്ന സാഹചര്യത്തില്‍ പിജി അഡ്മിഷന്‍, ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം എന്നിവ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. രാഷ്ട്രീയ പോരാട്ടങ്ങളുടെ ഭൂമികയായി സര്‍വകലാശാല മാറിയതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നുമില്ല. വിസി മോഹനന്‍ കുന്നുമ്മല്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ ആരോപണം. സര്‍വകലാശാലയെ സൈസ് ചാന്‍സലര്‍ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് എസ്എഫ്‌ഐ സമരം പ്രഖ്യാപിച്ചത്.

സര്‍വകലാശാല രജിസ്ട്രാര്‍ ഡോ കെഎസ് അനില്‍ കുമാറിനെ വിസി സസ്പെന്റ് ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. സസ്പെന്റ് ചെയ്ത രജിസ്ട്രാറെ സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തെങ്കിലും ഈ നടപടിയെ അംഗീകരിക്കാന്‍ വിസി തയാറായില്ല. ഹൈക്കോടതി കേസ് തീര്‍പ്പാക്കി തീരുമാനം ചാന്‍സിലര്‍ക്ക് വിട്ടു. സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തെ മറികടക്കാന്‍ വിസിക്ക് അധികാരമില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സിപിഎം നേതൃത്വവും പറയുന്നത്. രജിസ്ട്രാറുമായി സഹകരിക്കരുതെന്ന വിസിയുടെ ഉത്തരവ് സര്‍വകലാശാലയിലെ ഭൂരിപക്ഷം ജീവനക്കാരും അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ ആര്‍ക്കും അധികാരമില്ലാത്ത അവസ്ഥയാണ് സര്‍വകലാശാലയില്‍ സംജാതമായിരിക്കുന്നത്.
ഡോ കെഎസ് അനില്‍കുമാറിന് പകരം ഡോ മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കിയത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കി. മിനി കാപ്പന്‍ ഇതിനിടയില്‍ തന്നെ രജിസ്ട്രാറുടെ ചുമതലയില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായി വിസിക്കുമുന്നിലെത്തി. ചുമതലയില്‍ തല്‍ക്കാലം തുടരാന്‍ നായിരുന്നു എന്നാല്‍ അവര്‍ക്ക് ലഭിച്ച നിര്‍ദേശം. ഭരണകക്ഷിയുടെ കണ്ണിലെ കരടാവുന്നത് തുടര്‍ന്നുള്ള ഔദ്യോഗിക ജീവിതം ബുദ്ധിമുട്ടാക്കി തീര്‍ക്കുമെന്ന തിരിച്ചറിവിലാണ് മിനി കാപ്പന്‍ ചുമതലയില്‍ നിന്നും ഒഴിയാന്‍ സന്നദ്ധത അറിയിച്ചത്. രജിസ്ട്രാറുടെ ചുമതല ലഭിച്ചുവെങ്കിലും രജിസ്ട്രാര്‍ ലോഗിന്‍ ലഭിക്കാത്തതിനാല്‍ ഫയലുകള്‍ നോക്കാനാവില്ല. ഇതോടെ വിസിയുടെ മുന്നിലെത്തേണ്ട നൂറുക്കണക്കിന് ഫയലുകളാണ് സര്‍വകലാശാല ആസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്.

മോഹനന്‍ കുന്നുമ്മല്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എസ്എഫ്‌ഐ- എഐഎസ്എഫ് തുടങ്ങിയ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കടുത്ത പ്രതിഷേധസമരത്തിലാണ്. വിസി രാജിവെക്കണമെന്നാണ് വിദ്യാര്‍ഥി സംഘടനകളുയര്‍ത്തുന്ന പ്രധാന ആവശ്യം.

ഇതേസമയം, രജിസ്ട്രാര്‍ക്ക് സര്‍വകലാശാലയുടെ ഔദ്യോഗിക കാര്‍ നല്‍കരുതെന്ന ഉത്തരവും നടപ്പായില്ല. കാര്‍ സര്‍വകലാശാലയുടെ ഗ്യാരേജില്‍ കയറ്റിയിട്ട് താക്കോല്‍ മിനി കാപ്പനെ ഏല്‍പ്പിക്കണമെന്നായിരുന്നു വിസി സെക്യൂറിറ്റി ഓഫീസറോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതോടെ ഡോ കെഎസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് വരുന്നതും പോകുന്നതും സര്‍വകലാശാലയുടെ ഔദ്യോഗിക വാഹനത്തിലാണ്. സര്‍വകലാശാലയിലെ ഇടത് സംഘടനാ പ്രവര്‍ത്തകരായ ജീവനക്കാര്‍ വിസിയുടെ ഉത്തരവ് അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായില്ല.

നേരത്തെ, ആരിഫ് മുഹമ്മദ് ഖാന്റെ കാലത്തുണ്ടായതിനേക്കാള്‍ വലിയ വിവാദമാണ് കേരളസര്‍വകലാശാലയില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനം റദ്ദുചെയ്ത കോടതി ഉത്തരവ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടിയായി. ഇതോടെ കേരള സര്‍വകലാശാലയിലെ വിസി വിരുദ്ധ സമരം കടുപ്പിക്കാന്‍ എസ്എഫ്‌ഐ തീരുമാനിക്കുകയായിരുന്നു. രാജി ആവശ്യപ്പെട്ട് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ സമരം നടത്തുന്ന സാഹചര്യത്തില്‍ വിസി സര്‍വകലാശാല ആസ്ഥാനത്ത് എത്താറില്ല.

സര്‍വകലാശാല ആസ്ഥാനം വിദ്യാര്‍ഥി സമരങ്ങളാല്‍ പ്രക്ഷുബ്ദമാണ്. പ്രശ്നം പരിഹരിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരും ചാന്‍സിലറും വ്യക്തമായൊരു നിലപാട് ഇതുവരെ പ്രഖ്യാപിക്കാത്തതും സമരം അനന്തമായി നീളുന്നതിന് വഴിയൊരുങ്ങി. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലത്തിനെതിരെ (ഡോ. ജോണ്‍ വര്‍ഗീസ് വിളനിലം) നടന്നതുപോലുള്ള സമരത്തിലേക്കാണോ കേരള സര്‍വകലാശാല പോകുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.