ഷാഫി പറമ്പിൽ എം പിയെ കുറച്ചു ദിവസങ്ങളായി സിപിഐഎം വേട്ടയാടുകയാണെന്ന് കെ സി വേണുഗോപാൽ എം പി. ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ വിട്ടുകൊടുക്കില്ല.യൂണിഫോമിട്ട് ഏമാന്മാരെ സുഖിപ്പിക്കാൻ വേണ്ടി എംപിയ്ക്ക് നേരെ കുതിരകയറിയാൽ നിങ്ങളെ ഷാഫി ആരാണെന്നും കോൺഗ്രസ് ആരാണെന്നും ബോധ്യപ്പെടുത്തും. ഇത് കേരളമാണ്, സിപിഐഎമ്മിന്റെ അവസാനഭാരണമാണിതെന്നും
പൊലീസുകാരുടെ കാക്കിയുടെ വിശുദ്ധി സൂക്ഷിച്ച് ജോലി ചെയ്യണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
കോളജുകളിൽ കെഎസ്‍യു ജയിക്കാൻ പാടില്ലെന്ന് ആരാണ് പറഞ്ഞത്. അണികളെ വിട്ട് നേതാക്കൾ സ്വർണത്തിന് കാവലിരിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. അണികളെ നോക്കാനാണ് ഷാഫിയും ഡിസിസി പ്രസിഡൻ്റും പേരാമ്പ്രയിൽ എത്തിയത്. ഡിവൈഎസ്പി സുനിലിനെ ഞങ്ങൾ നോക്കിവെച്ചിട്ടുണ്ട്.
ആജീവനാന്തം കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി ഇവിടെ ഇരിക്കുമെന്ന് കരുതിയാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ 7 മാസം കഴിഞ്ഞ് അവരുടെയെല്ലാം സ്ഥിതി മാറുമെന്ന ബോധ്യം ഉണ്ടായിരിക്കണം. റൂറൽ എസ്പി ബൈജു മോനെ ഏപ്രിൽ മാസം കഴിഞ്ഞാൽ ഞങ്ങൾ നിങ്ങളെ കാണും. എല്ലാ നടപടിയും അപ്പോൾ ഞങ്ങൾ ചോദ്യം ചെയ്യും. രഹസ്യ ഡിലിൻ്റെ ഭാഗമായാണ് അക്രമസംഭവങ്ങൾ. ഓരോ തുള്ളി ചോരയ്ക്കും ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മകന് വന്ന ഇ ഡി നോട്ടീസ് പിണറായി പൂഴ്ത്തിവെച്ചു. അമിത് ഷായെ ഉദ്യോഗസ്ഥരില്ലാതെ വീട്ടിൽ പോയി പതിവിന് വിപരീതമായി കാണുന്നു. പത്ത് കൊല്ലം അവസരം കിട്ടിയിട്ട് കുടുംബത്തിന് സമ്പത്തുണ്ടാക്കാനാണ് സിപിഐഎം നോക്കിയതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.