Headlines

DYFI എവിടെയും ഷാഫിയെ തടയണമെന്ന് പറഞ്ഞിട്ടില്ല; പ്രതിഷേധത്തെ അക്രമ സംഭവത്തിലേക്ക് കൊണ്ടുപോകാൻ എംപി ശ്രമിച്ചു’, വി വസീഫ്

ഷാഫി പറമ്പിൽ എംപിയെ തടയണമെന്ന് പ്രവർത്തകരോട് ഡിവൈഎഫ്ഐ പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തെ പ്രകോപനമായി നേരിട്ടത് എംപിയാണ്.

എന്തൊരു ഷോ ആണ് കാണിച്ചത്. കുതന്ത്രങ്ങളുടെ നിരയാണ് ഷാഫിയുടെ കൈയിലുള്ളത്. അതിൽ വീഴാതെ ഡിവൈഎഫ്ഐക്കാർ ജാഗ്രത പാലിക്കണം. ഇന്ന് വടകരയിൽ നടന്ന സംഭവത്തെ അക്രമത്തിലേക്ക് കൊണ്ടു പോകാനായിരുന്നു അദ്ദേഹം ശ്രമം നടത്തിയിരുന്നതെന്നും KPCC യുടെ വർക്കിംഗ് പ്രസിഡന്റിന്റെ മാന്യത പോലും ഷാഫി കാണിച്ചില്ലെന്നും വി വസീഫ് വ്യക്തമാക്കി.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നതിൽ ഷാഫി പറമ്പിലിന് പങ്കുണ്ട്. അതിൽ ജനങ്ങൾക്ക് അസ്വസ്ഥയുണ്ട്. രാഹുലിനെ തള്ളി പറയാൻ ഷാഫി ഇതുവരെ തയ്യാറായിട്ടില്ല.പ്രതിഷേധം നാട് ആഗ്രഹിക്കുന്നതാണ്. കുതന്ത്രങ്ങളിൽ നിന്ന് ഷാഫി പിന്നോട്ട് പോകണമെന്നും വസീഫ് കൂട്ടിച്ചേർത്തു.

അതേസമയം, ഷാഫി പറമ്പിലിനെ വടകരയിൽ പരസ്യമായി തടയാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പി സി ഷൈജു വ്യക്തമാക്കിയിരുന്നു. ഷാഫി പറമ്പിൽ എം പി ഒരുകൂട്ടം ആളുകളെ സംഘടിപ്പിച്ച് പ്രകോപനം ഉണ്ടാക്കാൻ വേണ്ടിയിട്ടുള്ള ബോധപൂർവ്വമായ ശ്രമം നടത്തുകയാണെന്നും പി സി ഷൈജു ആരോപിച്ചു.

വടകരയിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ടൗൺഹാളിന് സമീപം വെച്ചായിരുന്നു ഷാഫി പറമ്പിൽ എംപിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഷാഫി പറമ്പില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്. ഷാഫി കാറില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പൊലീസിനെ മാറ്റി റോഡിലിറങ്ങുകയായിരുന്നു. ഇതോടെ നേര്‍ക്കുനേര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായി വാക് തര്‍ക്കമായി. പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറഞ്ഞു. വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍ നിന്നിറങ്ങിയത്.

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അതിന്റെ പേരില്‍ ആഭാസത്തരം കാണിച്ചാല്‍ വകവെച്ച് നല്‍കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.