അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ഉയരുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്. വി.എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം. മരിച്ചിട്ടും സഖാവ് വിഎസിനെ വിടാതെ പിന്തുടരുകയാണ് ജമാഅത്ത് ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും. ഒരു നൂറ്റാണ്ട് കാലത്തോളം ജന്മിത്തത്തിനെതിരെയും ബ്രിട്ടീഷുകാർക്കെതിരെയും മത- വർഗീയവാദികൾക്കെതിരെയും സമാനതകളില്ലാത്ത പോരാട്ടം നയിച്ച സമര സഖാവ് വിഎസിനെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം ദീർഘകാലമായി നടക്കുന്നതാണ്.
വിഎസിനെതിരെ പ്രചരിപ്പിക്കപ്പെടുന്ന പരാമർശത്തിന്റെ സത്യാവസ്ഥ, അന്ന് അഭിമുഖം തയ്യാറാക്കിയ പത്രപ്രവർത്തകൻ തന്നെ തുറഞ്ഞുപറഞ്ഞതാണെന്നും മുസ്‌ലിം സമുദായത്തെപ്പറ്റി യാതൊരുവിധത്തിലുള്ള പരാമർശവും അദ്ദേഹം നടത്തിയിട്ടില്ല എന്ന് അദ്ദേഹം വെളിപ്പെടുത്തിയതാണെന്നും വസീഫ് ഫേസ്ബുക്കിൽ കുറിച്ചു. മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും വേണ്ടി നിലകൊണ്ട വി എസിനെ ഇല്ലാക്കഥകൾ പറഞ്ഞ് വർഗീയവാദിയാക്കാനും അതുവഴി മുസ്‌ലിം സമുദായത്തെ ഇടതുവിരുദ്ധ ചേരിയിൽ എത്തിക്കാനും ശ്രമിച്ച വർഗീയവാദികൾ പരസ്യമായി മാപ്പു പറയണമെന്നും വസീഫ് ആവശ്യപ്പെട്ടു.