Headlines

വി എസിന്റെ അന്ത്യവിശ്രമം വലിയചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയിൽ

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയ ചുടുക്കാട്ടിലെ സ്മാരക ഭൂമിയിൽ സ്വന്തം പേരിലുള്ള ഭൂമിയിൽ. 1957 ൽ വി.എസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ പാർട്ടിക്ക് വേണ്ടി വാങ്ങിയതാണ് 22 സെൻ്റ് ഭൂമി. അവിടെ ആയിരിക്കും വിപ്ലവ സൂര്യൻ ഇനി അന്ത്യവിശ്രമം കൊള്ളുക.

അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്.അതുകൊണ്ടുതന്നെ സംസ്കാര സമയങ്ങളിലടക്കം മാറ്റം വരുത്തേണ്ടിവരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം അരമണിക്കൂറാക്കി ചുരുക്കി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലും വി എസിനെ അവസാനമായി കാണാൻ ജനപ്രവാഹമാണ് തടിച്ചുകൂടിയിരിക്കുന്നത്. വിലാപയാത്രയിൽ വഴിനീളെ ജനസഞ്ചയം തന്നെയായിരുന്നു. പാവങ്ങളുടെ പടത്തലവന് സ്നേഹാഭിവാദ്യവുമായി ഒരു നാട് തന്നെ ഒരുങ്ങി കഴിഞ്ഞു. മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ആലപ്പുഴയിൽ എത്തി . എല്ലാവർക്കും വി എസിനെ കാണാൻ അവസരം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

കേരളം അനുഭവിച്ചറിഞ്ഞ ജീവനുള്ള കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയിരുന്നു സഖാവ് വിഎസ് അച്യുതാനന്ദൻ. സമരം ചെയ്ത് വളർന്ന്, തിളയ്ക്കുന്നൊരു മുദ്രാവാക്യമായി സ്വയം മാറിയൊരു മനുഷ്യൻ. ധീരാ വീരാ വി എസ്സെയെന്ന് ജനസഹ്രസങ്ങൾ തൊണ്ടപൊട്ടിയത് വെറുതേയല്ലല്ലോ.. ജീവിതങ്ങളിൽ, അത്രകണ്ട മനുഷ്യൻ ആഴത്തിൽ പതിഞ്ഞുപോയില്ലേ. മലയാളിയുടെ സാമൂഹ്യ ജീവിതത്തിൽ എവിടെയാണ് വി എസ്സിലാതിരുന്നത്? വി എസ് കാരണം ജീവിച്ചവരെത്ര, വി എസ് കാരണം ചിരിച്ചവരെത്ര. പ്രിയപ്പെട്ട വി എസ്, കേരളത്തിൽ ജനിച്ചതിന് നന്ദി, സമരം ചെയ്തതിന് നന്ദി, തോൽക്കാതിരിക്കാൻ, എഴുന്നേറ്റു നിൽക്കാൻ കാരണമായതിന് നന്ദി…
പ്രിയപ്പെട്ട സഖാവെ, അന്ത്യാഭിവാദ്യങ്ങൾ.