ധീരജിന്റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും; അന്ത്യവിശ്രമം വീടിനോടു ചേർന്ന്

ധീരജിന്റെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും; അന്ത്യവിശ്രമം വീടിനോടു ചേർന്ന്
ഇടുക്കി എൻജിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ സംസ്‌കാരം ഇന്ന് നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. യാത്രക്കിടയിൽ വിവിധ സ്ഥലങ്ങളിൽ പൊതുദർശനമുണ്ടാകും.

കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് ധീരജ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിയത്. വീടിനോടു ചേർന്നുള്ള സ്ഥലത്താണ് ധീരജിന് അന്ത്യവിശ്രമം ഒരുങ്ങുന്നത്. ഇതിനായി വീടിന് അടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. ഇവിടെ ധീരജിനായി സ്മാരകവും നിർമിക്കും.

കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ഇന്ന് കലാലയങ്ങളിൽ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. തളിപ്പറമ്പിൽ സിപിഎം വൈകുന്നേരം നാല് മണിക്ക് ശേഷം ഹർത്താൽ ആചരിക്കുകയാണ്.