അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ സംസ്കാര സമയങ്ങളിൽ മാറ്റം വരുത്തേണ്ടിവരും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം ചുരുക്കി. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലെ ക്യൂ തിരുവമ്പാടി വരെ നീണ്ടു.
അരമണിക്കൂർ ആക്കി ചുരുക്കിയതായി സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചു. ഓഫീസിന് മുന്നിൽ കാത്തുനിൽക്കുന്നവർ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് എത്താൻ നിർദ്ദേശം നൽകി. ലക്ഷക്കണക്കിന് ആളുകളാണ് വിഎസിനെ കാണാനായി കാത്തുനിൽക്കുന്നത്. എല്ലാവർക്കും വിഎസിനെ അവസാനമായി കാണാനുള്ള അവസരം ഉണ്ടാകും എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
രാവിലെ ഏഴിനു ശേഷമാണ് വിലാപയാത്ര ഓച്ചിറയിൽ നിന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. വഴിയിൽ വി എസിനെ കാണാൻ ജനങ്ങൾ നിൽക്കുന്നയിടത്തെല്ലാം അന്ത്യാഭിവാദ്യം അർപ്പിക്കാൻ അവസരമൊരുക്കുന്നുണ്ട്. രാത്രി മുതൽ പെയ്യുന്ന കനത്ത മഴയെ അവഗണിച്ചും പതിനായിരങ്ങളാണ് പലയിടങ്ങളിലായി പ്രിയ സഖാവിനെ കാത്തുനിൽക്കുന്നത്.
മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം.