Headlines

‘ഇല്ല ഇല്ല മരിക്കുന്നില്ല, സഖാവ് വിഎസ് ജീവിക്കുന്നു ഞങ്ങളിലൂടെ’; എകെജി സെന്ററിൽ‌ ജനസാ​ഗരം

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിനായി എകെജി സെന്ററിൽ എത്തിച്ചു. ആയിരങ്ങളാണ് എകെജി സെന്ററിന് മുന്നിൽ തടിച്ചുകൂടിയത്. പാർട്ടി പതാക പുതപ്പിച്ച ശേഷം ആദ്യം നേതാക്കൾക്ക് കാണാൻ അവസരം ഒരുക്കും. തുടന്നാണ് പൊതു ദർശനം നടക്കുക. വൈകാരിക മുദ്രാവാക്യം വിളികളാണ് എകെജി സെന്ററിന് മുന്നിൽ നിന്ന് ഉയരുന്നത്.

ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേ​ഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും.

രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും. വേലിക്കകത്ത് വീട്ടിൽ നിന്ന് ബുധൻ രാവിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കും. ജില്ലാ കമ്മറ്റി ഓഫീസിൽ പകൽ 11 മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. വൈകുന്നേരം 3 മണി വരെ റിക്രിയെഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരും. തുടർന്ന് വിലാപയാത്രയായി വലിയ ചുടുകാട്ടിലേക്ക് എത്തിക്കും. ഉച്ചയോടെ വലിയചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും.