Headlines

‘ആദർശ ധീരതയുള്ള നേതാവ്’; വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. വി എസ് ആദർശ ധീരതയുള്ള നേതാവായിരുന്നു. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്‌മരിച്ചു.

ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.

വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.