അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ വിഎസിനെ അവസാന നോക്ക് കാണാനെത്തിയവരിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി. വി.എസിന് ആദരാഞ്ജലി അർപ്പിക്കാൻ മണിക്കൂറുകളായി കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആലപ്പുഴയിലെ നേതാക്കന്മാർ എന്ന നിലക്ക് വി.എസും താനും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എന്റെ മണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാനിവിടെ വേണ്ടേ. കുട്ടിക്കാലം മുതൽ കണ്ടുവളർന്ന ഒരു നേതാവാണ് വിഎസ്. കുട്ടിക്കാലത്ത് നാട്ടിൽ വിഎസിന്റെ പ്രസംഗം കേൾക്കാൻ പോകുമായിരുന്നു. അന്നുമുതലുള്ള ബന്ധമാണ്.
ജനങ്ങൾ വി.എസിനെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വൻ ജനാവലി. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ ജനങ്ങൾ ഈ ആദരവ് തരും. തമ്മിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത് കൊണ്ടാണ് വി.എസിനെ ആളുകൾ ഇത്രയധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട് നിന്നും കരുവാറ്റ, തോട്ടപ്പള്ളി, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ഇനി വിലാപയാത്ര നിര്‍ത്തുക. 11 മണിക്ക് സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വലിയചുടുക്കാട്ടില്‍ സംസ്‌കാരം നടക്കും.