‘ആരോഗ്യമന്ത്രിക്ക് പ്രതിഷേധങ്ങളെ നേരിടാൻ ഭയം; കെട്ടിടം താഴെ വീണത് ഭരണ വൈകല്യം കൊണ്ട്’; രമേശ് ചെന്നിത്തല

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്ക് പ്രതിഷേധങ്ങളെ നേരിടാൻ ഭയമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിഷേധങ്ങളെ ഭയന്നതുകൊണ്ടാണ് പകൽവെളിച്ചത്തിൽ ബിന്ദുവിന്റെ വീട്ടിൽ പോകാതിരുന്നത്. ആരോഗ്യ മേഖലയുടെ വീഴ്ചയാണ് ഈ ഭയത്തിന് കാരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെട്ടിടം ആരോ​ഗ്യം മന്ത്രി തള്ളിയിട്ടത് അല്ല. ആരോ​ഗ്യമന്ത്രിയുടെ ഭരണ വൈകല്യം കൊണ്ട് താഴെ വീണതാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിമാരുടെ ന്യായീകരണം അതിര് കവിഞ്ഞതാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. ആരോ​ഗ്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സംസ്ഥാനത്ത് സുരക്ഷ ഓഡിറ്റിം​ഗ് നടത്തേണ്ടതല്ലേയെന്ന് അദേഹം ചോദിച്ചു. സർക്കാർ ആശുപത്രികളിലെ കെട്ടിടങ്ങൾ സുരക്ഷിതമാണോെന്ന് സുരക്ഷ ഓഡിറ്റിം​ഗ് മന്ത്രി തന്നെ നടത്തേണ്ടതായിരുന്നു. ആരോ​ഗ്യ വകുപ്പിനെക്കൊണ്ട് നടപ്പിക്കേണ്ടതായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെട്ടിടം ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചതുപോലും അന്വേഷിക്കാൻ‌ ഇവർ തയാറായില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.

എല്ലാത്തിലും നമ്പർ വൺ ആണെന്ന് വരുത്തി തീർക്കാനുള്ള വെപ്രാളമാണ് ഇവർക്ക്. ആർക്കും പരുക്ക് പറ്റിയില്ലെന്നും എല്ലാം ശരിയാണെന്ന മട്ടിലായിരുന്നു രണ്ട് മന്ത്രിമാരുടെ പ്രതികരണവും. ആരോ​ഗ്യമന്ത്രി പകൽ വെളിച്ചത്തിൽ ബിന്ദുവിന്റെ വീട്ടിൽ പോയില്ല. അതിന് പോലുമുള്ള ധൈര്യമില്ലായിരുന്നു. ആരോ​ഗ്യവകുപ്പിന്റെ കുത്തഴിഞ്ഞ നടപടികൾ കൊണ്ട് ജനങ്ങൾ ഇന്ന് അസ്വസ്ഥരാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് അമേരിക്കയിൽ പോയി ചികിത്സിക്കാൻ പറ്റുമോയെന്ന് അദേഹം ചോദിച്ചു.

സർക്കാർ യാതൊരു സൗകര്യങ്ങളും ഇല്ലാത്ത ദയനീയമായ അവസ്ഥയാണ്. ഇത് പരിഹരിക്കാൻ മന്ത്രി തയാറാല്ല. എന്നിട്ട് മന്ത്രിയെ ന്യായീകരിക്കുരയാണ് എല്ലാവരും. മന്ത്രി തന്നെ പറയുന്നു സിസ്റ്റ് പരാജയമാണെന്ന്. സിസ്റ്റം ശരിയാക്കേണ്ട മന്ത്രി എന്തുകൊണ്ട് ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ചാണ്ടി ഉമ്മൻ ആംബുലൻസ് തടഞ്ഞത് വൈകാരികമായി കണ്ടാൽ മതിയെന്ന് അദേഹം കൂട്ടിച്ചേർത്തു.