രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തീരുമാനം എടുക്കാൻ സിൻഡിക്കറ്റിന് അധികാരമുണ്ട്. അതുപ്രകാരമാണ് ഇപ്പോൾ സസ്പെൻഷൻ റദ്ദാക്കിയത്. സിൻഡിക്കറ്റ് യോഗം വിളിച്ചു ചേർക്കാൻ അംഗങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വി.സിയുടെ നേതൃത്വത്തിൽ സിൻഡിക്കറ്റ് യോഗം ചേർന്നത്.
ചർച്ച നടക്കുന്നതിനിടെ വി.സി ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അതിനാൽ സിൻഡിക്കറ്റ് അംഗങ്ങൾ അവരിൽ നിന്നുതന്നെ ചെയർപേഴ്സനെ തെരഞ്ഞെടുത്തു.തുടർന്ന് ആ ചെയർപേഴ്സൺ സിൻഡിക്കറ്റ് യോഗം നടത്തി രജിസ്ട്രാറിന്റെ സസ്പെൻഷൻ റദ്ദ് ചെയ്തു. അതാണ് നിയമപരമായ നടപടിയായി നിൽക്കേണ്ടത്.
രജിസ്ട്രാറിനെ സസ്പെൻഡ് ചെയ്തുകൊണ്ട് വി.സി നടത്തിയ നടപടി നിയമവിരുദ്ധമാണെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ചർച്ചയ്ക്ക് ശേഷം സിൻഡിക്കറ്റ് യോഗം തീരുമാനം അറിയിച്ചപ്പോൾ വി.സി അംഗീകരിച്ചില്ല.
പ്രമേയം വായിക്കുമ്പോൾ വിസിയുണ്ടായിരുന്നു.18 അംഗങ്ങളുടെ പിന്തുണയും ലഭിച്ചു,” മന്ത്രി വിശദീകരിച്ചു.
കാവി പതാക പിടിച്ച ആർഎസ്എസിന്റെ ഭാരതാംബയെ ഭാരതത്തിന്റെയാക്കാൻ ശ്രമം നടക്കുന്നു.നാം അംഗീകരിക്കുന്നതും ആദരിക്കുന്നതും ത്രിവർണ്ണപതാക ഏന്തിയ ഭാരതാംബയെയാണ്. കാവി പതാക പിടിച്ച ഭാരതാംബ നമ്മുടെ പൊതുബോധത്തിൽ ഇല്ല. രാജ്യത്തെ സർവകലാശാലകൾക്കകത്ത് സംഘർഷാത്മക അന്തരീക്ഷം ബോധപൂർവ്വം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണിത്. കേന്ദ്ര ഗവൺമെന്റിന്റെ ചട്ടുകമായി ഗവർണർമാർ പ്രവർത്തിക്കുന്നു. ഗവർണർമാർ വൈസ് ചാൻസലർമാരെ അവരുടെ ചട്ടുകമാക്കി മാറ്റുന്നുവെന്നും മന്ത്രി ആരോപിച്ചു.