Headlines

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടികൊണ്ടുപോയ കേസ്; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടികൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതി നിർദേശം.ജാമ്യ ഹർജി ഓണം അവധിക്ക് ശേഷം കോടതി പരിഗണിക്കും.

ബാറിലെ തർക്കത്തിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ തെന്നിന്ത്യൻ താരം ലക്ഷ്മി മേനോനെ പ്രതിയാക്കി നോർത്ത് പൊലീസാണ് കേസെടുത്തത്. ഞായറാഴ്ച രാത്രിയാണ് എറണാകുളം വെലോസിറ്റി ബാറിൽ പരാതിക്കാരനായ യുവാവും ലക്ഷ്മി മേനോന്റെ സുഹൃത്തുക്കളും തമ്മിൽ തർക്കം ഉണ്ടാകുന്നത്.

ബാറിൽ നിന്ന് പുറത്തിറങ്ങിയ യുവാവിനെ കാറ് വട്ടമിട്ട് നിർത്തി ലക്ഷ്മി മേനോനും സംഘവും തട്ടിക്കൊണ്ടുപോയി. കാറിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നുണ്ട്. നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ മിഥുൻ, സോനമോൾ, അനീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

സിസിടിവി പരിശോധിച്ചതിൽ നിന്നാണ് നടി ലക്ഷ്മി മേനോനും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായത്. ഇതോടെ കേസിൽ മൂന്നാം പ്രതിയാക്കുകയായിരുന്നു. ലക്ഷ്മി മേനോനായി ഇന്നലെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർ ഒളിവിൽ എന്നാണ് പ്രാഥമിക നിഗമനം.