Headlines

പറവൂരിലെ യുവതിയുടെ ആത്മഹത്യ; പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എറണാകുളം പറവൂരിൽ പലിശക്കാരുടെ ഭീഷണിയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ബിന്ദു, പ്രദീപ്‌ കുമാർ എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഇവർ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിലാണ് നടപടി. മുൻ‌കൂർ ജാമ്യം രണ്ടാം തീയതി പരിഗണിക്കും. ഇരുവരും ഒളിവിലായിരുന്നു.

ഇരുവരുടെയും മകളായ ദീപയെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. ആശാ ബെന്നിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരിൽ ദീപയും ഉണ്ടായിരുന്നുവെന്ന് ആശയുടെ കുടുംബം മൊഴി നൽകിയിരുന്നു. തുടർന്നാണ് ദീപയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ആത്മഹത്യ ചെയ്ത ആശാബെന്നിയുടെ കുടുംബം ഗുരുതര പരാതിയാണ് പ്രതികൾക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യാപ്രേരണ കുറ്റമടക്കം ചുമത്തിയാണ് ആണ് നിലവിലെ കേസ്.

രണ്ട് തവണകളായി 10 ലക്ഷം രൂപയാണ് ബിന്ദുവിൽ നിന്ന് ആശ വാങ്ങിയതെങ്കിലും 24 ലക്ഷത്തോളം തിരികെ നൽകിയെന്ന് കുടുംബം പറയുന്നു. പരാതി നൽകിയെങ്കിലും പൊലീസ് വേണ്ടരീതിയിൽ ഇടപെട്ടില്ലെന്നും ആരോപണം. ആശയുടെ ആത്മഹത്യ കുറിപ്പിലും ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.