റാപ്പര്‍ വേടന് എതിരായ ബലാത്സംഗക്കേസില്‍, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഹര്‍ജിയില്‍ അന്തിമ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി നിര്‍ദേശം പാലിക്കണം എന്നും കോടതി പറഞ്ഞു. ഹര്‍ജി നാളെ പരിഗണിക്കും.
ഹര്‍ജി പരിഗണിക്കേ നിര്‍ണായകമായ ചില ചോദ്യങ്ങള്‍ കോടതി പരാതിക്കാരിയോട് ചോദിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് കോടതി. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാല്‍സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ഖേദം പ്രകടിപ്പിച്ചുള്ള വേടന്റെ ഫേസ്ബുക്ക് പോസ്റ്റ് കോടതിയില്‍ പരാതിക്കാരി ഹാജരാക്കി. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എങ്ങനെ പരിഗണിക്കുമെന്നും കോടതി ചോദിച്ചു. അത് ആര്‍ക്ക് വേണമെങ്കിലും എഴുതികൂടെയെന്നും കോടതി ചോദിച്ചു. വേടന്റെ പ്രവര്‍ത്തിയെ തുടര്‍ന്ന് പെണ്കുട്ടി വിഷാദ രോഗത്തിന് ചികിത്സ തേടി എന്നതില്‍ വിഷാദത്തിന് മാറ്റ് കാരണങ്ങള്‍ ഉണ്ടായിക്കൂടെയെന്നും കോടതി ചോദിച്ചു.
തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസിലാണ് വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. വേടന്‍ സ്ഥിരം കുറ്റവാളി എന്ന് പരാതിക്കാരി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരില്‍ സ്വാധീനമുള്ള ആളാണെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.
ജൂലൈ 31നാണ് യുവഡോക്ടറുടെ പരാതിയില്‍ വേടനെതിരെ തൃക്കാക്കര പൊലീസ് ബലാത്സംഗ കേസ് ചുമത്തിയത്. ഇതില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.