ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. യുഎഇയിലും ഖത്തറിലും ബഹ്‌റൈനിലും രാത്രി ആക്രമണമുണ്ടായി. സൗദിയിൽ ഇന്നലെ വിവിധയിടങ്ങളിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ പ്രതിരോധ സേന തകർത്തു. ഹോർമുസ് കടലിടുക്കിന് സമീപം “മൈനുകൾ”സ്ഥാപിക്കാൻ എത്തിയ ഇറാന്റെ 16 യുദ്ധക്കപ്പലുകളെ അമേരിക്കൻ സൈന്യം തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്. കടലിടുക്കിൽ “മൈനുകൾ”സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
അയൽരാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്മേൽ യുഎൻ രക്ഷാ സമിതിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങളെ അപലപിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ഇറാൻ ആവശ്യപ്പെട്ടു. ലോകസമാധാനം നിലനിർത്താൻ ബാധ്യസ്ഥരായ സുരക്ഷാ സമിതി ഇറാൻ്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് നേരെ കണ്ണടയ്ക്കുകയാണെന്ന് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി ആരോപിച്ചു.
അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില വർധന താത്കാലികമെന്ന് വൈറ്റ് ഹൗസ്. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാൻ ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി7 (G7) ഇന്ന് അടിയന്തര യോഗം ചേരും. ഊർജ്ജ പ്രതിസന്ധിയും എണ്ണവില വർദ്ധനവുമാണ് യോഗത്തിൻ്റെ പ്രധാന ചർച്ചാവിഷയം.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ലെബനോണിൽ നടത്തിയ ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 570 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 28ന് ആരംഭിച്ച അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളിൽ 1,300-ലധികം പേരും ഇറാനിൽ കൊല്ലപ്പെട്ടു. മേഖലയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കടന്നേക്കും.









