അര്‍ജുന്‍ തൃശൂരിലുണ്ടെന്ന് ട്രേസ് ചെയ്ത് നഗരത്തിലും പരിസരത്തുമാകെ പൊലീസ് പരിശോധന നടത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് അര്‍ജുന്‍ വണ്ടിമാറിക്കയറി മുങ്ങുകയായിരുന്നു. ഈ സമയത്തും പൊലീസിനെ പരിഹസിച്ചും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും അര്‍ജുന്‍ ആയങ്കി സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. അര്‍ജുനായി തൃശൂരില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിന്റെ വാര്‍ത്ത ട്വന്റിഫോര്‍ പങ്കുവച്ചപ്പോള്‍ അതിന് താഴെയും പൊലീസിനെതിരെ പരിഹാസ കമന്റുമായി അര്‍ജുന്‍ ആയങ്കി എത്തി. തൃശൂര്‍ റൗണ്ടില്‍ ഒരു മരത്തിന്റെ ചുവട്ടിലെന്നാണ് അര്‍ജുന്റെ കമന്റ്. നിരന്തരം പ്രകോപനവും വെല്ലുവിളികളുമായി അര്‍ജുന്‍ നില്‍ക്കുമ്പോള്‍ എത്രയും പെട്ടെന്ന് ഇയാളെ കണ്ടെത്താന്‍ പൊലീസിനുമേല്‍ സമ്മര്‍ദം ഏറുകയാണ്. അര്‍ജുന്റെ വെല്ലുവിളികള്‍ക്ക് മറുപടിയായി അറസ്റ്റ് ഉടന്‍ നടക്കുമെന്ന് സൂചിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടി പ്രതികരണം നടത്തിയതുള്‍പ്പെടെ സമ്മര്‍ദം ഇരട്ടിയാക്കുന്നുണ്ട്.പാലക്കാട്ടുനിന്നും ഒരു ഡെസ്റ്റര്‍ വാഹനത്തില്‍ അര്‍ജുന്‍ ആയങ്കി തൃശൂരേക്ക് എത്തിയെന്നായിരുന്നു ലഭിച്ച സൂചന. ഈ വാഹനമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവിടെ നിന്ന് ഇയാള്‍ വാഹനം മാറി. അര്‍ജുന്റെ കൂട്ടാളികള്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്. അതേസമയം അര്‍ജുന്‍ ആയങ്കിയുടെ സോഷ്യല്‍ മീഡിയ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്‍ജുന്‍ ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിലും അര്‍ജുനെതിരെ പൊലീസ് കേസെടുത്തേക്കും. തന്നെയും സുഹൃത്തുക്കളെയും പ്രതി ചേര്‍ത്ത് ജയിലിലടച്ച കേസില്‍ പുനരന്വേഷണം നടത്താനാണ് അര്‍ജുന്‍ ആയങ്കി ചെന്നിത്തലയോട് ആവശ്യപ്പെട്ടത്.
അന്വേഷണശേഷം താന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആയങ്കി ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്. അര്‍ജ്ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.









