തിരുവനന്തപുരം: തനിക്കെതിരെ കേസ് കൊടുത്തതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. എറണാകുളം മുൻസിഫ് കോടതിക്ക് വിലക്ക് നൽകാൻ ആകുമോ എന്ന് അറിയില്ല. കോടതി നോട്ടീസ് നൽകുകയോ തനിക്ക് സമൻസ് നൽകുകയോ ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കോടതിയുടെ വിലക്ക് തനിക്ക് ബാധകമല്ലെന്നും സനൽ കുമാർ ശശിധരൻ .
മാനനഷ്ടക്കേസിനെ നിയമപരമായി തന്നെ നേരിടും. മഞ്ജുവാര്യർക്ക് അതോറിറ്റിക് മുന്നിൽ വരാതിരിക്കാൻ ഉള്ള ഗിമിക് ആണ് ഇത്. അവർ സെക്സ് റാകറ്റിന്റെ പിടിയിലാണ്. അതോറിറ്റിക് മുന്നിൽ അപ്പിയർ ചെയ്യേണ്ടത് കൊണ്ടാണ് ക്രിമിനൽ കേസ് കൊടുക്കാത്തതെന്നും സനൽ കുമാർ പറഞ്ഞു.
എറണാകുളം മുന്‍സിഫ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് കോടതി താത്ക്കാലികമായി വിലക്കി. സനല്‍ കുമാര്‍ ശശിധരന്‍ ഒന്നാം പ്രതിയും ഷാജന്‍ സ്‌കറിയ രണ്ടാം പ്രതിയും മെറ്റയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
അഭിഭാഷകയും നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി വഴിയാണ് മഞ്ജു വാര്യര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ മാസം 30ന് ഹാജരാകാനാണ് പ്രതികള്‍ക്ക് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. അപകീര്‍ത്തിപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനായി മെറ്റയ്ക്ക് കോടതി നോട്ടീസും അയച്ചതായാണ് വിവരം. തനിക്കെതിരായി അസത്യ പ്രചാരണം നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നുമാണ് മഞ്ജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അതേസമയം, മഞ്ജു ചിലരുടെ നിയന്ത്രണത്തിലാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ സനല്‍ കുമാര്‍ സമൂഹമാധ്യമങ്ങളിലൂടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഉന്നയിക്കുകയും വിഷയത്തില്‍ പരിഹാരവും അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു. മഞ്ജു വാര്യരെന്നല്ല സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയ്ക്കും ഇതൊന്നും നേരിടേണ്ടി വരരുതെന്നാണ് ആവശ്യമെന്ന് ശാന്തി മായാദേവി മാധ്യമങ്ങളോട് പറഞ്ഞു.









