കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ഷാർജയിൽ ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കറിനെ ക്രൈം ബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ പത്തനംതിട്ട ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് കൈമാറിയത്. കൊല്ലം ജില്ലാ കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സതീഷ് നാട്ടിലെത്തിയത്.
സതീഷിനെതിരെ കൊലപാതക കുറ്റത്തിന് തെളിവുകൾ ഇല്ലെന്ന് ഇടക്കാല മുൻകൂർജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്ന് എത്തിയ സതീഷിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു.
അതുല്യയുടെ മരണം കൊലപാതകം ആണെന്നാണ് മാതാപിതാക്കളുടെ പരാതി. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വെള്ളിയാഴ്ച ഇയാൾക്ക് കൊല്ലം ജില്ലാ കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. കൊലപാതകം ആണെന്നതിന് നിലവിൽ തെളിവുകൾ ഇല്ലെന്ന് ഇടക്കാല ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു. എന്തെങ്കിലും തെളിവുകൾ ലഭിച്ചിരുന്നെങ്കിൽ ദുബായ് പൊലീസ് സതീഷിനെ അറസ്റ്റ് ചെയ്യുമായിരുന്നുവെന്നും അതുല്യയുടേത് തൂങ്ങിമരണം ആണെന്നാണ് കോൺസുലേറ്റ് നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നും ചൂണ്ടിക്കാട്ടിയാണ് വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം, മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി, മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ വിട്ടയക്കും. സതീഷിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് നിയമനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.