അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ഷാര്‍ജയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ, ഭര്‍ത്താവ് സതീഷിനെ ദുബായിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഇതുമായി ബന്ധപ്പെട്ട് കമ്പനി ഇന്ന് രേഖാമൂലം കത്ത് നല്‍കി. ഒരു വര്‍ഷം മുമ്പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്.

അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. സതീഷിന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

സതീഷിന്റെ വാദങ്ങള്‍ തെറ്റെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്തുവരുമെന്നും അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള ട്വന്റിഫോറിനോട് പറഞ്ഞു. സതീഷ് പറയുന്നതിനെ വിശ്വാസത്തിലെടുക്കാന്‍ പറ്റില്ല. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്ത് വരും. താങ്ങാന്‍ പറ്റാത്ത ഉപദ്രവങ്ങള്‍ വരുമ്പോള്‍ ജീവനുള്ള ഏതൊരു വസ്തുവും തിരിച്ച് പ്രതികരിക്കില്ലേ. അങ്ങനെകൂട്ടിയാല്‍ മതി – അദ്ദേഹം പറഞ്ഞു.

അതേസമയം, അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഇന്ന് തന്നെ സഹോദരി അഖില പരാതി നല്‍കും. അതുല്യ ബന്ധുക്കള്‍ക്ക് അയച്ച ദൃശ്യങ്ങളും പരാതിയ്‌ക്കൊപ്പം നല്‍കും. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നുമാണ് പരാതിയില്‍ ഉള്ളത്. ഭര്‍ത്താവ് സതീഷിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ സഹോദരിയോട് പറഞ്ഞിരുന്നു. സതീഷിനെതിരെ അതുല്യയുടെ മാതാവ് തെക്കുംഭാഗം പൊലീസിന് നല്‍കിയ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്താണ് അന്വേഷണം.