തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് 5 പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്കാണ് ആദ്യം ഇടിച്ചു കയറിയത്. സൂര്യൻ, ഷാഫി എന്നീ 2 ഓട്ടോഡ്രൈവർമാരുടെ നില ഗുരുതരമാണ്. വഴിയാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.
കാർ അമിത വേഗത്തിലായിരുന്നവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വട്ടിയൂർകാവ് സ്വദേശി വിഷ്ണുനാഥ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. നടപ്പാതയിലേക്ക് ഇടിച്ചു കയറിയ കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ചു. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം. സംഭവസ്ഥലം ആർടിഒ സന്ദർശിച്ചു. വാഹനത്തിന് സാങ്കേതിക തകരാർ ഒന്നും ഉണ്ടായിരുന്നില്ല എന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് വഴി വെച്ചത്.