തിരുവനന്തപുരം കോരാണിയിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിനി മരിച്ചു. കാറിലുണ്ടായിരുന്ന യുവതിയുടെ സഹോദരനും മാതാപിതാക്കൾക്കും പരുക്കേറ്റു. പോലീസ് ജീപ്പിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്
കൊല്ലം ആശ്രാമം ലക്ഷ്മണ നഗർ ജമീല മൻസിലിൽ സജീദ്-രാജി ദമ്പതികളുടെ മകൾ അനൈന(22)യാണ് മരിച്ചത്. തിരുവനന്തപുരം ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് അനൈന. സഹോദരൻ അംജദിന്റെ പരുക്ക് ഗുരുതരമാണ്. പോലീസ് ഡ്രൈവർ അഹമ്മദിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എ എസ് ഐ ഷജീറിനും പരുക്കേറ്റു
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ചിറയിൻകീഴ് പോലീസിന്റെ ജീപ്പാണ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്. അംജദിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് പോകുമ്പോഴാണ് അനൈന സഞ്ചരിച്ചിരുന്ന കാറിലേക്ക് ജീപ്പ് വന്നിടിച്ചത്.