കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപ നഷ്ടപരിഹാരം നൽകുക പ്രായോഗികമല്ലെന്ന് കപ്പൽ ഉടമകളായ എം എസ് സി കമ്പനി ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിക്കുമ്പോഴാണ് കമ്പനി ഈ നിലപാട് വ്യക്തമാക്കിയത്. തുടർന്ന്, പ്രാഥമികമായി എത്ര തുക കെട്ടിവെക്കാൻ കഴിയും എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ നൽകിയ കേസിന്റെ ഭാഗമായി എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ അറസ്റ്റ് ചെയ്യാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
നിലവിൽ വിഴിഞ്ഞം തുറമുഖത്തുള്ള കപ്പലിന്റെ അറസ്റ്റ് തുടരുമെന്നും സിംഗിൾ ബെഞ്ച് അറിയിച്ചു. ഹർജി അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും.