ആഗോള ഊർജ്ജ വിപണികളെ പിടിച്ചുലച്ച ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, രാജ്യത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പ് വരുത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. സ്ഥിതിഗതികൾ വിലയിരുത്തി പെട്രോളിയം മന്ത്രാലയം. ക്രൂഡ് ഓയിൽ, LPG, മറ്റ് പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണ സാഹചര്യം വിലയിരുത്തി. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും മന്ത്രാലയം അറിയിച്ചു.പശ്ചിമേഷ്യയിലെ നിലവിലുള്ള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ കണക്കിലെടുത്ത് വിതരണ സാഹചര്യം വിലയിരുത്തുന്നതിനായി പെട്രോളിയം മന്ത്രി മുതിർന്ന ഉദ്യോഗസ്ഥരുമായും പൊതുമേഖലാ സ്ഥാപനങ്ങളുമായും യോഗം ചേർന്നതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ഞങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, രാജ്യത്തെ പ്രധാന പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് ഏകദേശം 82 ഡോളറായി ഉയർന്ന സാഹചര്യത്തിലാണ് ഈ അവലോകനം. ആഗോള എണ്ണ പ്രവാഹത്തിന്റെ ഏകദേശം 20% ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്, ഇന്ത്യയുൾപ്പെടെ ഏഷ്യയിലേക്കുള്ള വിതരണത്തിന്റെ പ്രധാന പോയിന്റാണിത്.






