Headlines

എഐയും കസേരകളും മുതല്‍ യഥാര്‍ത്ഥ ഭക്തിയും വെള്ളാപ്പള്ളി നടേശനും വരെ; ആഗോള അയ്യപ്പ സംഗമത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല

ആഗോള അയ്യപ്പസംഗമത്തെച്ചോല്ലി രാഷ്ട്രീയപ്പോര് കടുക്കുന്നു. ഒഴിഞ്ഞുകിടന്ന കസേരമുതല്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാ സന്ദേശം, വെള്ളാപ്പള്ളി നടേശനുള്ള അമിത പ്രാധാന്യം തുടങ്ങി നിരവധി ആരോപണങ്ങളാണ് കേരള രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. പമ്പയില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടന്ന വന്‍ ജനാവലിയാണ് പങ്കെടുത്തത്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബദല്‍ അയ്യപ്പ സംഗമം ഭക്തജന സംഗമം എന്നപേരിലായിരുന്നു നടന്നത്. ഇതോടെ യഥാര്‍ത്ഥ വിശ്വാസികളുടെ സംഗമം നടന്നത് പന്തളത്താണെന്നാണ് അവകാശവാദം ഉയരുന്നത്.

ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമം വിജയിച്ചോ, പരാജയപ്പെട്ടോ എന്നാണ് നടക്കുന്ന പ്രധാന ചര്‍ച്ച. പ്രതിപക്ഷവും ബി ജെ പിയും ആഗോള അയ്യപ്പ സംഗമം പരാജയപ്പെട്ടെന്ന് ആരോപിക്കുമ്പോള്‍ സംഗമം വന്‍ വിജയമായിരുന്നു എന്ന് സമര്‍ത്ഥിക്കുകയാണ് ദേവസ്വം ബോര്‍ഡും വകുപ്പ് മന്ത്രിയും. ഇതോടൊപ്പം സി പി എം നേതാക്കളും അയ്യപ്പസംഗമം വന്‍വിജയമായിരുന്നുവെന്നും, മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നുമുള്ള ന്യായീകരണങ്ങളുമായി രംഗത്തെത്തിയതോടെ ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ വിഷയമായി മാറി. ആദ്യഘട്ടത്തില്‍ ആഗോള അയ്യപ്പ സംഗമത്തെ എതിര്‍ത്ത് രംഗത്തെത്തിയത് ബി ജെ പി യും സംഘ് പരിവാര്‍ സംഘടനകളുമായിരുന്നു. വിശ്വാസികളെ പങ്കെടുപ്പിച്ചുള്ള യഥാര്‍ത്ഥ സംഗമം പന്തളത്ത് നടത്തുമെന്ന് സംഘടനകള്‍ അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ചൂടുപിടിച്ചിരിക്കെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പന്തളത്ത് നടന്ന വിശ്വാസി സംഗമവും ചര്‍ച്ചയാവുകയാണ്.

വിശ്വാസികള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമമെന്നും, സിപിഐഎം രാഷ്ട്രീയ നേട്ടത്തിനായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് മനസിലാക്കിയതോടെ അയ്യപ്പ ഭക്തര്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ ആരോപണം. സമാന ആരോപണം ബിജെപിയും ഉന്നയിച്ചിരുന്നു.

വര്‍ഗീയ ഫാസിസ്റ്റ് എന്ന ഇടതുപാര്‍ട്ടികള്‍ മുദ്രകുത്തിയ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിപാടിയിലേക്ക് ക്ഷണിച്ച ദേവസ്വം മന്ത്രി വി എന്‍ വാസവനെതിരേയാണ് ഏറ്റവും കൂടുതല്‍ പ്രതികരണം. യോഗിയെ പരിപാടിയിലേക്ക് ക്ഷണിക്കുകയും, യോഗിയുടെ ആശംസാ സന്ദേശം ഏറെ ആവേശത്തോടെ ആഗോള സംഗമത്തില്‍ വായിക്കുകയും ചെയ്യുകവഴി സംഘപരിവാറിന് കേരളത്തില്‍ വേരൂന്നാണുള്ള വഴിയാണ് ഇടതുസര്‍ക്കാര്‍ ഉണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം.

വിശ്വാസികളുടെ വോട്ടു നേടുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്നും, ഹിന്ദുവിരുദ്ധ നിലപാട് പരസ്യമായി പ്രഖ്യാപിച്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നുമായിരുന്നു പന്തളത്തു നടന്ന ബദല്‍ അയ്യപ്പ സംഗമം ഉദ്ഘാടന പ്രസംഗത്തില്‍ ബി ജെ പി തമിഴ്നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ആരോപിച്ചത്. ആഗോള അയ്യപ്പ സംഗമത്തില്‍ നിരവധി ദുരൂഹതകള്‍ ഉയരുന്നുണ്ടെന്നും, ഇരുമുടിക്കെട്ടുമായി പോയ ആരും പമ്പയില്‍ നടന്ന ആഗോള സംഗമത്തില്‍ പ്രവേശിച്ചില്ലെന്ന് കുമ്മനം രാജശേഖരനും ആരോപിച്ചു.

ആഗോള അയ്യപ്പസംഗമം എന്ന പേരില്‍ തട്ടിക്കൂട്ട് പരിപാടിയാണ് നടന്നതെന്നും, യഥാര്‍ത്ഥ വിശ്വാസികളല്ല പരിപാടിയില്‍ പങ്കെടുത്തതെന്നുമാണ് ബി ജെ പിയുടെ ആരോപണം. പന്തളത്ത് നടന്ന ബദല്‍ അയ്യപ്പസംഗമത്തില്‍ ബിജെപി നേതാക്കള്‍ സ്റ്റേജില്‍ എത്തിയിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളല്ല, വിശ്വാസികളാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കേണ്ടതെന്ന ബിജെപി നേതാക്കളുടെ നിലപാടിന്റെ ഭാഗമായാണ് വേദി പങ്കിടാതിരുന്നത്.

ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും, ശബരിമലയെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാക്കിമാറ്റുന്നതിനുമായി സംസ്ഥാന സര്‍ക്കാറിന്റെ അനുഗ്രാഹശിസുകളോടെ നടപ്പാക്കിയ ആഗോള അയ്യപ്പ സംഗമം ഭരണകക്ഷിക്ക് തന്നെ തിരിച്ചടിയാവുകയാണ്. ആഗോള അയ്യപ്പ സംഗമം വന്‍വിജയമാണെന്നാണ് സര്‍ക്കാരും സിപിഐഎമ്മും അവകാശപ്പെടുന്നത്. എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തിന് ആളുകള്‍ കുറഞ്ഞത് വന്‍ തിരിച്ചടിയായെന്നാണ് എതിരാളികളുടെ ആരോപണം. ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ എ ഐയാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണവും വന്‍വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കയാണ്. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്നടക്കം പ്രതിനിധികള്‍ എത്തുമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ അവകാശവാദം. നാലായിരത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തെന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാല്‍ 650 പേര്‍ മാത്രമാണ് സംഗമത്തിന് എത്തിയതെന്നാണ് ഉയരുന്ന ആരോപണം.

സര്‍ക്കാര്‍ ദിവസങ്ങളോളം നടത്തിയ മുന്നൊരുക്കങ്ങളോടെ സംഘടിപ്പിച്ച ആഗോള സംഗമത്തേക്കാളേറെ ഭക്തര്‍ പങ്കെടുത്തത് പന്തളത്തെ വിശ്വാസി സംഗമത്തിലായിരുന്നുവെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ അവകാശപ്പെടുന്നത്. അയ്യായിരം ഭക്തര്‍ വിശ്വാസി സംഗമത്തില്‍ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും ജനങ്ങള്‍ പന്തളത്തേക്ക് ഒഴുകിയെത്തിയതോടെ സര്‍ക്കാരിനുള്ള മറുപടിയായി ഇത് മാറുകയായിരുന്നു. സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമവും, പന്തളത്ത് നടന്ന വിശ്വാസി സംഗമവും യഥാര്‍ത്ഥ വിശ്വാസികള്‍ വിലയിരുത്തട്ടേ എന്ന നിലപാടിലാണ് ബിജെപി നേതൃത്വം.ഇതിനിടയില്‍ ആഗോള അയ്യപ്പ സംഗമം പ്രതീക്ഷിച്ച നേട്ടം കൈവരിച്ചുവെന്ന പ്രസ്താവനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് രംഗത്തെത്തി. എന്തു നേട്ടമാണ് പമ്പയില്‍ നടത്തിയ ആഗോള സംഗമത്തില്‍ ഉണ്ടായതെന്ന് ചോദിക്കുന്നവരുണ്ട്. നിരവധി നേട്ടങ്ങള്‍ ആഗോള അയ്യപ്പസംഗമംകൊണ്ടുണ്ടായിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും വന്‍ മാറ്റങ്ങള്‍ക്ക് ശബരിമല സാക്ഷിയാകാന്‍ പോവുകയാണെന്നാണ് സിപിഐഎം പ്രചരിപ്പിക്കുന്നത്.

ശബരമലയെ ആഗോള തലത്തില്‍ പരിചയപ്പെടുത്തുകയും ശ്രീ അയ്യപ്പന്റെ ഖ്യാതി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനുമായാണ് ഈ പരിപാടി ആസൂത്രണം ചെയ്തതെന്നാണ് ദേവസ്വം വകുപ്പും, ദേവസ്വം ബോര്‍ഡും പറഞ്ഞിരുന്നത്. എന്നാല്‍ ആഗോള എന്ന പേരല്ലാതെ ആഗോള തലത്തില്‍ ശബരിമലയുടെ ഖ്യാതി എത്തിക്കാന്‍ തരത്തിലുള്ള പ്രതിനിധികളായി ആരെങ്കിലും എത്തിയിരുന്നോ എന്നും ചോദ്യങ്ങള്‍ ഉയരുകയാണ്. കോടികള്‍ പൊടിച്ചുള്ളൊരു രാഷ്ട്രീയ നാടകം മാത്രമാണ് പമ്പയില്‍ നടന്നത് എന്ന വിലയിരുത്തലുകളാണ് പ്രതിപക്ഷത്തിന്റേത്.

ഇതിനിടയില്‍ വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രിക്കൊപ്പമുള്ള പമ്പാ യാത്രയും വിവാദമാവുകയാണ്. മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ കറകളഞ്ഞ അയ്യപ്പ ഭക്തനാണെന്ന് പരസ്യമായി പ്രഖ്യാപിച്ച നടേശന്റെ നടപടി സിപിഐഎം അണികള്‍ക്കിടയില്‍ കടുത്ത പ്രതികരണങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. നിരന്തരമായി ന്യൂനപക്ഷത്തെ കടന്നാക്രമിക്കുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് തിരിച്ചടിയുണ്ടാക്കുമെന്നാണാ ഉയരുന്ന ആരോപണം.

പിണറായി വിജയന്‍ സമ്പൂര്‍ണ ഭക്തനാണ് എന്ന വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടി ഇതുവരെ ആരും തിരുത്താന്‍ തയ്യാറാവാത്തതും, പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കാളിത്തം കുറഞ്ഞെന്ന ആരോപണത്തില്‍ പരസ്യ പ്രതികരണത്തിന് തുനിഞ്ഞതും സി പിഐഎമ്മിനേയും പ്രതിരോധത്തിലാക്കിയതായാണ് ഒരു വിഭാഗം ഇടത് നേതാക്കളുടെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ അയ്യപ്പസംഗമം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരണമാവും.