Headlines

ആഗോള അയ്യപ്പ സംഗമം: സർക്കാർ- ബി ജെ പി പോര് മുറുകുന്നു

ശബരിമലയെചൊല്ലി വീണ്ടും രാഷ്ട്രീയപോര്. ദേവസ്വം വകുപ്പും സർക്കാരും ചേർന്ന് പമ്പയിൽ സെപ്റ്റംബർ 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെയാണ് ബി ജെ പിയും സംഘപരിവാർ സംഘടനകളും കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെ ശബരിമല വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്.

ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനുള്ള പ്രാരംഭ ആലോചന നടന്നത് ഈ മാസം ആദ്യമായിരുന്നു. സംഗമത്തിന്റെ നടത്തിപ്പിനായി മന്ത്രിമാർ, ജനപ്രതിനിധികൾ, ഭരണതലത്തിലെ പ്രമുഖ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 1000 പേരുള്ള സംഘാടക സമിതിയും നേരത്തെ രൂപീകരിച്ചിരുന്നു. കേന്ദ്രമന്ത്രിമാർ, ആന്ധ്ര, കർണ്ണാടക, തെലുങ്കാന, തമിഴ്‌നാട് എന്നീ അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിതികളായി പങ്കെടുക്കുമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ പ്രഖ്യാപനം. അയ്യപ്പ ഭക്തന്മാർ ഏറ്റവും കൂടുതൽ എത്തിച്ചേരുന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ അയ്യപ്പ സംഗമത്തിന്റെ തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാർ നിലപാട് മാറ്റി. ഇടതു സർക്കാരുമായി നല്ല ബന്ധം പുലർത്തുന്ന തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മാത്രം പരിപാടിയിൽ മുഖ്യതിഥിയായി പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ദേവസ്വം മന്ത്രി വി എൻ വാസവൻ ചെന്നൈയിൽ നേരിട്ടെത്തി മുഖ്യമന്ത്രി ക്ഷണിച്ചു.

ആഗോള അയ്യപ്പ സംഗമം സി പി ഐ എം രാഷ്ട്രീയ മുതലെടുപ്പിനായാണ് സംഘടിപ്പിക്കുന്നതെന്ന ആരോപണവുമായി ഇതോടെ ബി ജെ പി രംഗത്തെത്തുകയായിരുന്നു. പരിപാടിയിൽ മുഖ്യാതിഥിയായി എം കെ സ്റ്റാലിൻ പങ്കെടുത്താൽ തടയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചതോടെ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കുകയായിരുന്നു. ബിജെപിയുടെ ഭീഷണിയെ അവഗണിച്ച് സംഗമത്തിൽ പങ്കെടുക്കാൻ സ്റ്റാലിൻ തയ്യാറായില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ആഗോള അയ്യപ്പസംഗമം എന്നും സർക്കാരിന് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ വാദം. സിങ്കപ്പൂർ സ്വദേശിയായ ഒരു അയ്യപ്പ ഭക്തന്റെ നിർദേശമായിരുന്നു ആഗോള അയ്യപ്പസംഗമമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ശബരിമലയുടെ പ്രശസ്തി ലോകത്താകമാനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന സംഗമത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നുള്ളൂവെന്നാണ് സർക്കർ ‌തുടർന്ന് വ്യക്തമാക്കിയിരുന്നത്. എന്നാൽ സർക്കാർ കള്ളം പ്രചരിപ്പിക്കുകയാണ് എന്നും, സർക്കാർ നേരിട്ട് നടത്തുന്ന പരിപാടിയാണിതെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ആഗോള അയ്യപ്പസംഗമം എന്ന പരിപാടി നടത്തുന്നതെന്നുമാണ് ബി ജെ പി ആവർത്തിക്കുന്നത്. എന്നാൽ എൻ എസ് എസ് ആഗോള അയ്യപ്പസംഗമത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത് സർക്കാരിന് പിടിവള്ളിയായിരിക്കയാണ്.

സ്റ്റാലിൻ പിൻമാറിയതോടെ ബി ജെ പി പ്രതിഷേധം അവസാനിപ്പിക്കുമെന്നായിരുന്നു സർക്കാരും കരുതിയിരുന്നത്. എന്നാൽ ബി ജെ പി തങ്ങളുടെ പ്രതിഷേധം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ആഗോള അയ്യപ്പ സംഗമം വലിയ തട്ടിപ്പാണ് എന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ ആരോപണം. കേരളത്തിലെ അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച അതേ മുഖ്യമന്ത്രിയാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുന്നത് എന്നും, ഇത് കേവലമായ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്, ഭക്തരുടെ വോട്ട് മാത്രം ലക്ഷ്യമിട്ടുള്ള അയ്യപ്പസംഗമത്തിന്റെ പിന്നിലുള്ള ഗൂഢാലോന പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ശോഭാ സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താല്പര്യത്തിലാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതെന്നാണ് ശോഭാ സുരേന്ദ്രന്റെ വിമർശനം.

ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് അത്യാവശ്യം സൗകര്യങ്ങൾ ഒരുക്കാൻ പോലും തയ്യാറാവാത്ത സർക്കാർ, കോടികൾ ചിലവഴിച്ച് അയ്യപ്പസംഗമം നടത്തുന്നത് വ്യക്തമായ രാഷ്ട്രീയ താല്പര്യത്തിനായാണ് എന്ന് ആവർത്തിക്കുകയാണ് ബി ജെ പി നേതൃത്വം. വരും ദിവസങ്ങളിൽ അയ്യപ്പ സംഗമത്തിനെതിരെ ഭക്തരെ അണിനിരത്തുമെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്.

ആഗോള അയ്യപ്പ സംഗമം സി പി ഐ എമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആഗോള അയ്യപ്പ സംഗമത്തിന് എതിരെ നിശിതമായ ഭാഷയിലാണ് വിമർശിച്ച് രംഗത്തുവന്നത്. ശബരിമലയിൽ ആചാരലംഘനത്തിന് നേതൃത്വം നൽകിയ പിണറായി സർക്കാർ ഇപ്പോൾ അയ്യപ്പസംഗമവുമായി രംഗത്തെത്തിയത് സംശയാസ്പദമാണെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം. പ്രതിപക്ഷവും ബി ജെ പിയും സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിന് എതിരെ നിലപാട് സ്വീകരിച്ചതോടെ ശബരിമല വീണ്ടും ചർച്ചകളുടെ ഭാഗമായി.

വോട്ടിനുവേണ്ടി ശബരിമലയെ ദുരുപയോഗം ചെയ്യുന്നുവെനന്നാണ് ബി ജെ പിയുടെ വാദം. കോടതി വിധികളുടെ പേരുപറഞ്ഞ് യുവതികളെ പ്രവേശിപ്പിക്കാൻ യാണെന്നാണെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തിയതോടെയാണ് വിവാദം കൂടുതൽ ശക്തമാവാൻ തുടങ്ങിയത്. യോഗക്ഷേമ സഭയും ആഗോള അയ്യപ്പ സംഗമത്തെ എതിർത്ത് രംഗത്തെത്തിയതോടെ വിഷയം കൂടുതൽ വിവാദമാവുകയാണ്.

അയ്യപ്പ സംഗമത്തിന് ബിജെപി എതിരാണെങ്കിലും കേന്ദ്രമന്ത്രിമാരെയും ബിജെപി നേതാക്കളെയും സംഗമത്തിന് വിളിക്കും. സംഘടനയെന്ന നിലയിലല്ല ,അയ്യപ്പഭക്തരെന്ന നിലയിൽ വ്യക്തികളെയാണ് വിളിക്കുന്നതെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം. മുഖ്യ രക്ഷാധികാരിയായി നിശ്ചയിച്ചിട്ടുളള പ്രതിപക്ഷ നേതാവിനെ ദേവസ്വം ബോർഡ് പ്രസിഡൻറും അംഗങ്ങളും ചേർന്ന് സെപ്റ്റംബർ 2ന് നേരിട്ട് ക്ഷണിക്കും വിശ്വാസ സംഗമം എന്നതിനപ്പുറം രാഷ്ട്രീയമോ സാമ്പത്തികമോ ആയ താൽപര്യങ്ങളൊന്നും പരിപാടിക്ക് പിന്നിലില്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.