ആഗോള അയ്യപ്പ സംഗമം; വിവാദങ്ങൾ കൊഴുക്കുന്നു, ബദൽ സംഗമം സംഘടിപ്പിക്കാൻ ബിജെപി നീക്കം

ആഗോള അയ്യപ്പസംഗമത്തിനെതിരെ സംഘപരിവാർ സംഘടനകളുടെ എതിർപ്പിന് ശക്തിപ്രാപിച്ചതോടെ വിവാദം കൊഴുക്കുന്നു. സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തിനെതിരെ വിശ്വാസികളുടെ സംഗമം സംഘടിപ്പിക്കാനാണ് ബി ജെ പി നീക്കം. ഈ മാസം 22 ന് അയ്യപ്പ ഭക്തരുടെ സംഗമം സംഘടിപ്പിക്കാനാണ് ആലോചന. ബി ജെ പി ദേശീയ നേതാക്കളെ അടക്കം പങ്കെടുപ്പിച്ചുള്ള സംഗമമായിരിക്കും നടക്കുക. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കമാണ് ബി ജെ പി ആരംഭിച്ചിരിക്കുന്നത്. യഥാർത്ഥ വിശ്വാസികളെ പങ്കെടുപ്പിച്ചുള്ള അയ്യപ്പ സംഗമമാണ് നടത്തേണ്ടതെന്നാണ് ബി ജെ പിയും സംഘപരിവാർ സംഘടനകളും ആവശ്യപ്പെടുന്നത്. പന്തളം കൊട്ടാരവും ആഗോള അയ്യപ്പ സംഗമത്തിന് എതിരായ നിലപാട് സ്വീകരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഇടതമുന്നണിയുടെ തട്ടിപ്പാണ് ആഗോള അയ്യപ്പ സംഗമമെന്നാണ് കഴിഞ്ഞ ദിവസം വി ഡി സതീശൻ ആരോപിച്ചിരുന്നത്. 2018 ൽ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാട് ശബരിമലയ്ക്ക് എതിരായിരുന്നു. സർക്കാർ സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലവും വിശ്വാസികൾക്ക് എതിരായിരുന്നു. ഈ സത്യവാങ്മൂലം നിലനിൽക്കെയാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ഇത് സുപ്രിംകോടതിയിൽ നിന്നും പിൻവലിക്കാൻ സർക്കാർ തയ്യാറാണോ എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ചോദ്യം. സർക്കാർ ഒരു വിശ്വാത്തേയും എതിർത്തിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സി പി ഐ എം എല്ലാകാലത്തും വിശ്വാസികളുടെ കൂടെയാണെന്നും, വർഗീയവാദികളാണ് ആഗോള അയ്യപ്പ സംഗമത്തിന് എതിരായ നിലപാട് സ്വീകരിക്കുന്നതെന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണം. 2018ൽ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ സ്വീകരിച്ച നിലപാടിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും, ശബരിമലയെ തകർക്കാൻ ശ്രമിച്ച മുഖ്യമന്ത്രി അയ്യപ്പ ഭക്തരുടെ വോട്ടു തട്ടാനായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നുമാണ് ബി ജെ പിയും കോൺഗ്രസും ആരോപിക്കുന്നത്.

ശബരിമലയുടെ ഖ്യാതി ലോകമെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യത്തിനായാണ് അയ്യപ്പ ഭക്തരുടെ സംഗമം സർക്കാർ സംഘടിപ്പിക്കുന്നത്. ഈമാസം 20 ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കത്തിലാണ് സർക്കാരും ദേവസ്വം ബോർഡും. സംഗമത്തിൽ മുഖ്യാഥിതിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കുന്നതിനെ ചൊല്ലിയായിരുന്നു ആദ്യ തർക്കം. ഇതോടെ സ്റ്റാലിൻ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനില്ലെന്ന് പ്രഖ്യാപിച്ച് തടിതപ്പി. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനെത്തിയാൽ പമ്പയിൽ തടയുമെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ പ്രഖ്യാപനം. കുഴപ്പങ്ങൾക്കില്ലെന്നായിരുന്നു സ്റ്റാലിന്റെ നിലപാട്.

2018 ൽ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ലിംഗഭേദമില്ലാതെ എല്ലാവർക്കും പ്രവേശിക്കാനും ആരാധന നടത്താനും അനുമതി നൽകിയ സുപ്രധാന വിധിയുണ്ടായി. ഈ വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാർ തന്നെ തീരുമാനമെടുക്കുകയായിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ പൊലീസ് സഹായത്തോടെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങൾ ഉണ്ടായി. ശബരിമലയിൽ ബി ജെ പി, ആർ എസ് എസ് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം സംഘടിപ്പിച്ചു. പന്തളത്ത് സ്ത്രീകളുടെ നേതൃത്വത്തിൽ ആചാര സംരക്ഷണ സംഗമം നടത്തി. അന്നത്തെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കേസുകൾ എടുത്തിരുന്നു. ഈ കേസുകൾ സർക്കാർ പിൻവലിക്കണമെന്നാണ് ബി ജെ പി ഉന്നയിക്കുന്ന ആവശ്യം.

ആഗോള അയ്യപ്പസംഗമം സർക്കാരിന്റെ തട്ടിപ്പെന്നായിരുന്നു ബി ജെ പിയുടെ നിലപാട്. ഇതേ നിലപാടുമായി കോൺഗ്രസും രംഗത്തെത്തിയതോടെ അയ്യപ്പസംഗമം വലിയ രാഷ്ട്രീയ പോരാട്ട വേദികൂടിയായി മാറുകയാണ്. നേരിൽ കാണാനായി എത്തിയ തിരുവിതാംകൂർ ദേവശ്വം പ്രസിഡന്റിനെ കാണാൻ പോലും പ്രതിപക്ഷനേതാവ് കൂട്ടാക്കാത്തതും ശക്തമായ ഭാഷയിൽ എതിർപ്പു പ്രകടിപ്പിച്ച് രംഗത്തുവന്നതും വിഷയം കൂടുതൽ സങ്കീർണമാവുമെന്നതിന്റെ സൂചനയാണ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമടക്കം 3000 പ്രതിനിധികളാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുക.
പിന്നീട് നവോത്ഥാന സമിതി രൂപീകരിക്കാനും, കേരളത്തിൽ വനിതാ മതിൽ തീർക്കാനും മുൻകൈ എടുത്ത സംസ്ഥാന സർക്കാരും, സി പി ഐ എമ്മും ഇപ്പോൾ അയ്യപ്പ സംഗമം നടത്തുന്നത് രാഷ്ട്രീയ നേട്ടത്തിനായാണ് എന്നാണ് ഉയരുന്ന ആരോപണം. എസ് എൻ ഡി പിയും, എൻ എസ് എസും ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് ബി ജെ പി ആഗോള അയ്യപ്പ സംഗമത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചത്. മുൻ ബി ജെ പി അധ്യക്ഷൻ കുമ്മനം രാജേശേഖരന്റെ നേതൃത്വത്തിലാണ് ആഗോള അയ്യപ്പ സംഗമത്തിനെതിരെയുള്ള നീക്കം ശക്തമാക്കുന്നത്.

കേന്ദ്രമന്ത്രിമാരേയും അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും പങ്കെടുപ്പിക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ സർക്കാർ വിശദമാക്കിയിരുന്നത്. പിന്നീട് സർക്കാരല്ല പരിപാടി നടത്തുന്നതെന്നും ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതെന്നുമായിരുന്നു സർക്കാർ ഭാഷ്യം.