Headlines

ഇടുക്കിയിൽ വിനോദസഞ്ചാരം നിരോധിച്ച് ജില്ലാ ഭരണകൂടം; അലർട്ടുകൾ പിൻവലിക്കുന്നതുവരെ നിരോധനം തുടരും

 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരം നിരോധിച്ച് ജില്ലാ ഭരണകൂടം. ജില്ലയിലെ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നതുവരെ നിരോധനം തുടരും. വിനോദസഞ്ചാരികളുടെ അടക്കം യാത്രകൾ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് നിലവിലെ തീരുമാനം. ഇടുക്കിയിലേക്ക് അത്യാവശ്യഘട്ടത്തിൽ അല്ലാതെ യാത്ര ചെയ്യരുത് എന്നും ജില്ലാ ഭരണകൂടത്തിന്റെ നിർദേശമുണ്ട്. മലയോരമേഖലയിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ രാത്രി യാത്രകളിലും നിയന്ത്രണം തുടരും.

 

 

കഴിഞ്ഞ ഒറ്റ രാത്രി പെയ്ത ദുരിത പെയ്ത്തിൽ ഇടുക്കി ഒന്നാകെ വിറച്ചു. ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കുടയത്തൂർ അടൂർമലയിൽ സുമതി എന്ന വീട്ടമ്മയും, വാഗമൺ കോലാഹലമേട് ബന്ധുവീട്ടിൽ എത്തിയ വൈക്കം സ്വദേശി പ്രഭാകരൻ എന്ന വയോധികനും മരിച്ചു. കൊട്ടാരക്കര ഡിണ്ടുകൽ ദേശീയപാതയിൽ പത്തു മണിക്കൂറിൽ അധികമാണ് മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെ ഗതാഗതം തടസ്സപ്പെട്ടത്.

 

ഇന്നലെ രാത്രി എട്ടുമണിക്ക് തുടങ്ങിയ അതിതീവ്ര മഴ, പുലർച്ചെ നാലുമണിവരെ നിർത്താതെ പെയ്തു. കൊട്ടാരക്കര ഡിണ്ടുകൽ ദേശീയപാതയിൽ കടുവപ്പാറയിലാണ് ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് പുല്ലുപാറയിൽ ഉരുൾപൊട്ടി. മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെ 10 ഇടങ്ങളിൽ മണ്ണിടിഞ്ഞു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പുലർച്ചയോടെയാണ് പുല്ലകയാർ കരകവിഞ്ഞത്. കൊക്കെയാറിലെ നിരവധി വീടുകളിൽ വെള്ളം കയറി. ഏലപ്പാറയിലും , ഉപ്പുതറയിലും, ചപ്പാത്തിലും, വണ്ടിപ്പെരിയാറിലും പുഴയോരത്തുള്ള വീടുകളിൽ വെള്ളം കയറി.

 

ഇരുപതോളം വീടുകളാണ് ജില്ലയിൽ പൂർണമായും തകർന്നത്. 60 ലധികം വീടുകൾ ഭാഗികമായി തകർന്നു. പത്തിലധികം ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കൃഷിയും ഗ്രഹോപകരണങ്ങളും വാഹനങ്ങളും ഉൾപ്പെടെ നാശനഷ്ട പട്ടികയിൽ ഉണ്ട്.