കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം: കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. എങ്കിലും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കുകയാണ്. കനിവ് 108 ആംബുലന്‍സ് സര്‍വീസില്‍ ജോലിചെയ്യുന്ന ജീവനക്കാരില്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജിവികെ ഇഎംആര്‍ഐയോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആരോഗ്യവകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികില്‍സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഈ സംഭവം അത്യന്തം വേദനാജനകമാണ്. സംഭവം അറിഞ്ഞയുടന്‍തന്നെ പ്രശ്നത്തിലിടപെടുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലിസിനോട് ആവശ്യപ്പെടുകയും ചെയ്തു. ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടുന്നതിന് 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജിവികെ ഇഎംആര്‍ഐയോട് ആവശ്യപ്പെട്ടു. ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടതായി ജിവികെ അറിയിച്ചിട്ടുണ്ട്. നല്ല പ്രവര്‍ത്തനപരിചയമുള്ള ആളുകളെയാണ് ആംബുലന്‍സില്‍ നിയോഗിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 2014-2015ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍ ജോലിചെയ്ത മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജിവികെ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.