കൊവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം; കുറ്റപത്രം ഒരു മാസത്തിനകം

കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച കേസിൽ കുറ്റപത്രം ഒരു മാസത്തിനകം സമർപ്പിക്കും. കേസ് അന്വേഷിക്കാൻ പ്രത്യേക പത്തംഗ സംഘത്തെ നിയോഗിച്ചു. പട്ടികജാതി പട്ടിക വർഗ നിരോധന നിയമം അടക്കം ചുമത്തിയിട്ടുണ്ട്. അടൂർ ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല

റിമാൻഡിലുള്ള പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങും. സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് പെൺകുട്ടി മുക്തയായിട്ടില്ല. പെൺകുട്ടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്

കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയ ശേഷമാകും മൊഴിയെടുക്കുക. പെൺകുട്ടിയെ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. പെൺകുട്ടിയെയും കുടുംബത്തെയും സർക്കാർ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു

108 ആംബുലൻസ് ഡ്രൈവറായ നൗഫലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. അടൂർ വടക്കേടത്ത് കാവിൽ നിന്ന് കുട്ടിയെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ട ശേഷം ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം പെൺകുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച ശേഷം നൗഫൽ കടന്നുകളഞ്ഞു. അടൂരിൽ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.