കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ; ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരമെന്ന് അന്നാ ഹസാരെ

ന്യൂഡല്‍ഹി: കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരഹാര സമരം ആരംഭിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ. ഇതിന്റെ ഭാഗമായി ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള തന്റെ നിര്‍ദേശങ്ങള്‍ കേന്ദ്രം തള്ളിയതിനാലാണ് പ്രത്യക്ഷ സമരത്തിനിറങ്ങുന്നതെന്ന് ഹസാരെ പറഞ്ഞു. മൂന്നുമാസത്തിനുള്ളില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കും അഞ്ചുതവണ കത്തെഴുതിയിരുന്നു. എന്നിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം തയാറായില്ല. അതിനാല്‍, ജനുവരി 30 മുതല്‍ റലേഗന്‍ സിദ്ധിയിലെ യാദവ്ബാവ ക്ഷേത്രത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അക്രമരഹിതമായ പ്രതിഷേധമാണ് ആവശ്യമെന്നും റിപ്പബ്ലിക് ദിനത്തിലെ ട്രാക്റ്റര്‍ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഹസാരെ പറഞ്ഞു.