ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിന് പ്രതിപക്ഷപാര്‍ട്ടികളുടെ വ്യാപകമായ പിന്തുണ. രാവിലെ 11 മുതല്‍ ഉച്ചയ്ക്കു ശേഷം 3 മണിവരെ നടത്തുന്ന സമരത്തിന് നിരവധി രാഷ്ട്രീയപാര്‍ട്ടികളും പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.
കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എഎപി), തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), ശിവസേന, ഇടതുപാര്‍ട്ടികള്‍, ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ), സമാജ്‌വാദി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച ( ജെഎംഎം), ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) എന്നീ പാര്‍ട്ടികളുടെ സജീവ പിന്തുണയുണ്ട് സമരത്തിന്. കാര്‍, ടാക്‌സി, ലോറി യൂനിയനുകളും പിന്തുണയ്ക്കുന്നുണ്ട്.
കര്‍ഷകസമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും അടിയന്തിര സുരക്ഷാനടപടികള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സമീപ സംസ്ഥാനങ്ങളെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന പ്രധാന അതിര്‍ത്തി റോഡുകള്‍ അടച്ചുപൂട്ടി. പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന പല നഗരങ്ങളിലും 144 പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്.
ഡല്‍ഹിയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രിമുതല്‍ അരവിന്ദ് കെജ്രിവാളിനെ പോലിസ് വീട്ട്തടങ്കലിലാക്കിയിരിക്കുകയാണ്. അതേസമയം റോഡ് ഗതാഗതത്തിന്റെയും വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. അതിര്‍ത്തിയില്‍ ട്രാഫിക്കിനു മാത്രം 4000 സുരക്ഷാജീവനക്കാരെ വിന്യസിപ്പിച്ചു.