ജയിൽ മോചിതയായ ശശികലയെ പിന്തുണച്ച് പനീർശെൽവത്തിന്റെ മകൻ; വിശദീകരണം ചോദിച്ച് എടപ്പാടി വിഭാഗം

ശശികലയുടെ ജയിൽ മോചനം അണ്ണാ ഡിഎംകെയിൽ ആഭ്യന്തര കലഹം രൂക്ഷമാക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശശികലക്ക് പിന്തുണയുമായി ഒ പനീർശെൽവത്തിന്റെ മകൻ പരസ്യമായി രംഗത്ത് എത്തിയതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം.

ശശികലക്ക് ഉടൻ തമിഴ്‌നാട്ടിലേക്ക് മടങ്ങാൻ സാധിക്കട്ടെയെന്നും അവരുടെ നല്ല ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും ആയിരുന്നു പനീർശെൽവത്തിന്റെ മകൻ ജയപ്രദീപ് പറഞ്ഞത്. എന്നാൽ ഇത് എടപ്പാടി പളനിസ്വാമി വിഭാഗത്തിന്റെ അതൃപ്തി ക്ഷണിച്ചുവരുത്തുകയും ചെയ്തു

ശശികലയെ അനുകൂലിച്ച് പോസ്റ്റർ പതിച്ച നേതാവിനെ കഴിഞ്ഞ ദിവസം എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെയാണ് ജയപ്രദീപിന്റെ പ്രസ്താവന. ഇതിന് പിന്നിൽ പനീർശെൽവമാണെന്ന് എടപ്പാടി ക്യാമ്പ് പറയുന്നു. പനീർശെൽവം വിശദീകരണം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മാനുഷിക പരിഗണനയുടെ പേരിലാണ് തന്റെ പ്രസ്താവന എന്നാണ് ജയപ്രദീപ് പ്രതികരിച്ചത്.