അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയതോടെ വി കെ ശശികല ഫെബ്രുവരി 7ന് ചെന്നൈയിലേക്ക് തിരികെയെത്തും. വൻ സ്വീകരണമാണ് ശശികല അനുയായികൾ ഒരുക്കുന്നത്. ബംഗളൂരു മുതൽ ചെന്നൈ വരെ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികലയെ വരവേൽക്കുന്നത്.
വാഹന റാലി ചെന്നൈയിൽ എത്തുന്നതിന് പിന്നാലെ ശക്തിപ്രകടനം നടത്തും. അണ്ണാ ഡിഎംകെ കൊടി വെച്ച കാറിലാകും ശശികല സഞ്ചരിക്കുക. യഥാർഥ അണ്ണാ ഡിഎംകെ തങ്ങളാണെന്ന് അവകാശപ്പെട്ടാണിത്. പാർട്ടി ജനറൽ സെക്രട്ടറി താൻ തന്നെയാണെന്നും രണ്ടില ചിഹ്നത്തിൽ അവകാശവാദമുന്നയിച്ചും ശശികല കോടതിയെ സമീപിക്കും
അതേസമയം ചെന്നെ മറീന ബീച്ചിലെ ജയ സമാധിയിൽ ഉപവാസമിരിക്കാനുള്ള ശശികലയുടെ നീക്കത്തിന് എടപ്പാടി പളനിസ്വാമി സർക്കാർ ചെക്ക് വെച്ചു. നിർമാണ പ്രവർത്തികൾ പൂർത്തിയാകാനുണ്ടെന്ന് പറഞ്ഞ് ജയസമാധിയിലേക്കുള്ള പ്രവേശനം വിലക്കി സർക്കാർ ഉത്തരവിറക്കി
ജയലളിതയുടെ മരണത്തിന് പിന്നാലെ ഫെബ്രുവരി 7ന് ഒ പനീർശെൽവം ശശികല പക്ഷത്തിനെതിരെ ധർമയുദ്ധം പ്രഖ്യാപിക്കുന്നത്. അന്ന് ജയസമാധിയിൽ പനീർശെൽവം ഉപവാസം ഇരുന്നതിന് പിന്നാലെയാണ് ശശികലയുടെ നേതൃപദവിക്ക് ഇളക്കം തട്ടി തുടങ്ങിയത്. അതേസമയം നാല് വർഷത്തിന് ശശികല തിരികെ എത്തുമ്പോൾ പനീർശെൽവം ക്യാമ്പ് ശശികലക്ക് അനുകൂലമാണ്. നാല് വർഷം മുമ്പ് ശശികലക്കൊപ്പമുണ്ടായിരുന്ന എടപ്പാടി ക്യാമ്പ് എതിർചേരിയിലും.