വി കെ ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടും

തമിഴ്‌നാട്ടിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായിയായിരുന്ന വി കെ ശശികലയുടെ 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചു. ചെന്നൈയിലും പരിസരത്തുമായി ശശികല വാങ്ങിക്കൂട്ടിയ സ്ഥലങ്ങൾ ഉൾപ്പെടെ 65 ആസ്തികളാണ് കണ്ടുകെട്ടുന്നത്.

ശശികലയുടെ ബിനാമി കമ്പനികൾക്കും വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലും അധികൃതർ നോട്ടീസ് നൽകി. പോയസ് ഗാർഡനിൽ ജയലളിതയുടെ വീടിന് സമീപത്ത് ശശികല പണിയുന്ന ബംഗ്ലാവും കണ്ടുകെട്ടും. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരു ജയിലിലാണ് ശശികല ഇപ്പോൾ

ജയിൽമോചിതയാകുമ്പാൾ താമസിക്കുന്നതിന് വേണ്ടിയാണ് പോയസ് ഗാർഡനിൽ ബംഗ്ലാവ് നിർമിച്ചിരുന്നത്. ഇതിന് പുറമെ ആലന്തൂർ, താംബരം, ഗുഡുവാഞ്ചേരി, ശ്രീപെരുംപുത്തൂർ എന്നിവിടങ്ങളിലെ സ്വത്തുക്കളും കണ്ടുകെട്ടും. നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുന്ന ശശികലയുടെ രാഷ്ട്രീയപ്രവേശനം തടയുകയാണ് എഐഎഡിഎംകെയുടെ ലക്ഷ്യം.