നീരവ് മോദിയുടെ 326.99 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയുടെ, 326.99 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുക്കെട്ടി. നീരവ് മോദിയുടെ പേരിൽ ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ഫ്‌ളാറ്റുകൾ അടക്കമാണ് കണ്ടുക്കെട്ടിയത്.
ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചു. മുംബൈയിലെ പ്രത്യേക കോടതിയുടെ അനുമതി നേടിയ ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.

ബാങ്ക് തട്ടിപ്പ് നടത്തി നീരവ് മോദി വിദേശത്തേക്ക് കടന്നത് വൻവിവാദമായിരുന്നു. നിലവിൽ ലണ്ടനിലെ ജയിലിലാണ് നീരവ് മോദി. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്‌സിയും. കഴിഞ്ഞ വർഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു.

കഴിഞ്ഞ വർഷം മാർച്ചിലാണ് നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായത്.
100 കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തി രാജ്യം വിടുന്നവർക്കെതിരെ 2018 ഓഗസ്റ്റിൽ നിലവിൽ വന്ന ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്‌സ് (എഫ്ഇഒ) നിയമപ്രകാരമാണ് നടപടി. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയ്ക്കു ശേഷം ഈ വകുപ്പ് ചുമത്തി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന വ്യക്തിയാണ് നീരവ് മോദി.